തമിഴ് മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ചു

Posted on: March 8, 2017 1:00 am | Last updated: March 8, 2017 at 1:00 am

ചെന്നൈ/ കൊളംബോ: തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി ശ്രീലങ്കയിലെ കച്ചത്തീവിന് സമീപത്തുവെച്ച് വെടിയേറ്റ് മരിച്ചു. ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റാണ് മത്സ്യത്തൊഴിലാളി മരിച്ചതെന്ന ആരോപണം ശ്രീലങ്ക തള്ളി. നാവികസേനക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ തെങ്കാശിമഠത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

മത്സ്യത്തൊഴിലാളിയായ കെ ബ്രിട്‌ജോ (21) ആണ് മരിച്ചത്. പരുക്കേറ്റ മത്സ്യത്തൊഴിലാളിയെ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇന്ത്യ ഉത്കണ്ഠ അറിയിച്ചതിനെ തുടര്‍ന്നാണ് ശ്രീലങ്ക പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിനു ശേഷമാണ് വെടിവെപ്പില്‍ പങ്കില്ലെന്ന് ശ്രീലങ്ക അറിയിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രകോപനമില്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ച നാവികസേനയുടെ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പളനിസ്വാമി ആവശ്യപ്പെട്ടു.
മരിച്ച മത്സ്യത്തൊഴിലാളിയുടെ അടുത്ത ബന്ധുവിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റയാള്‍ക്ക് ഒരു ലക്ഷം രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ആക്രമണത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ രാമേശ്വരത്ത് പ്രതിഷേധിച്ചു.
പാക് കടലിടുക്കിനോട് ചേര്‍ന്നുകിടക്കുന്ന ശ്രീലങ്കയുടെ ഭാഗമാണ് കച്ചത്തീവ്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇരകളാകുന്നത് ഇവിടെ പതിവാണ്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാമെന്നും വെടിവെക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ നാവികസേനാ മേധാവി കൊളംബോയില്‍ പറഞ്ഞു. വിഷയം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പതിനഞ്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു.