Connect with us

Kerala

ജിഷ്ണുവിന്റെ സുഹൃത്തുക്കളെ കാണാന്‍ അമ്മയും അച്ഛനും പാമ്പാടിയിലെത്തി

Published

|

Last Updated

വടക്കാഞ്ചേരി: മകന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ജിഷ്ണുവിന്റെ കൂട്ടുകാരെ കാണാന്‍ അമ്മയും അച്ഛനും പാമ്പാടിയിലെത്തി. ജിഷ്ണു മരണപ്പെട്ട പാമ്പാടിയുടെ മണ്ണിലേക്ക് എത്തിയ അമ്മ മഹിജയും, അച്ഛന്‍ അശോകനും നെഹ്‌റു കോളജില്‍ പ്രവേശിച്ചില്ല. ജിഷ്ണുവിന്റെ സുഹൃത്തുകള്‍ക്കൊപ്പം കോളജിന് സമീപമുള്ള ഭിന്നശേഷിക്കാരുടെ സംരക്ഷണ കേന്ദ്രമായ ലക്കിടി പേസ് ഗാര്‍ഡനില്‍ ഒത്ത് കൂടി. അവിടത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും, കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചും അവര്‍ ജിഷ്ണുവിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. തുടര്‍ന്ന് അന്വേഷണസംഘവുമായി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ കൂടിക്കാഴ്ച നടത്തി.

ജിഷ്ണുവിന്റെ സ്മരണാര്‍ഥം സഹപാഠികള്‍ ചേര്‍ന്ന് സംഘടിപ്പിച്ച കോമോസ് ടെക് ഫെസ്റ്റില്‍ നിന്ന് മിച്ചം വന്ന തുക ഉപയോഗിച്ചാണ് പോളി ഗാര്‍ഡനിലെ അന്തേവാസികള്‍ക്ക് ഇവര്‍ ഭക്ഷണം വിളമ്പിയത്. കോമോസ് എന്ന പേരില്‍ സ്റ്റാര്‍ട്ട്അപ് കമ്പനി തുടങ്ങണമെന്നത് ജിഷ്ണുവിന്റെ വലിയ ആഗ്രഹമായിരുന്നു. ജിഷ്ണുവിന്റെ ആഗ്രഹം നിറവേറ്റാനായാണ് സഹപാഠികള്‍ ചേര്‍ന്ന് കോമോസ് ടെക് ഫെസ്റ്റ് നടത്തിയത്. ടെക് ഫെസ്റ്റ് നടത്താനായി വിദ്യാര്‍ഥികളില്‍ നിന്ന് 3,62,150 രൂപയാണ് പിരിച്ചു കിട്ടിയത്. ഇതില്‍ നിന്നും മിച്ചം വന്ന 27,240 രൂപ ഉപയോഗിച്ചാണ് 150 പേരോളം വരുന്ന പോളി ഗാര്‍ഡനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം ഒരുക്കിയത്. അമ്മാവന്‍ ശ്രീജിത്ത്, മറ്റു ബന്ധുക്കള്‍ എന്നിവരും എത്തിയിരുന്നു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് ജിഷണുവിന്റെ മാതാപിതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.