Connect with us

National

12 മണിക്കൂർ ഏറ്റുമുട്ടലിനൊടുവിൽ താക്കൂർ ഗഞ്ചിലെ ഭീകരനെ വധിച്ചു

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശിലെ താക്കൂര്‍ ഗഞ്ചില്‍ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരനെ 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിന് ഒടുവിൽ ഭീകര വിരുദ്ധ സേന വകവരുത്തി. ഉജ്ജെെൻ ട്രയിൻ സ്ഫോടനവുമായി ബന്ധമുള്ള സെെഫുല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് എട്ട് പിസ്റ്റളുകളും റിവോൾവറുകളും കത്തിയും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഒരു ഭീകരൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂവെന്ന് എടിഎസ് കേന്ദ്രങ്ങൾ അറിയിച്ചു.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരനെ കണ്ടെത്തിയത്. ഇയാള്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. വെെകീട്ട് തുടങ്ങിയ ഏറ്റുമുട്ടൽ 12 മണിക്കൂർ നീണ്ടുനിന്നു. ആദ്യം വീട്ടിനുള്ളിൽ രണ്ട് ഭീകരർ ഉണ്ടെന്നാണ് കരുതിയിരുന്നതെങ്കിലും ഒരാളെ മാത്രമേ കണ്ടെത്താനായുള്ളൂ. 20 പേരടങ്ങുന്ന കമാന്‍ഡോ സംഘമാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

ഏറ്റുമുട്ടലിന് മുന്നോടിയായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഹാജി കോളനിയിലെ കെട്ടിടത്തിലാണ് ഭീകരൻ തങ്ങിയിരുന്നത്. ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമം വിഫലമായതോടെയാണ് കൊലപ്പെടുത്തിയതെന്ന് എടിഎസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. എെഎസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

Latest