രാജ്യത്തെ മരങ്ങള്‍ക്കിനി അകാല ചരമമുണ്ടാകില്ല

Posted on: March 7, 2017 10:16 pm | Last updated: March 7, 2017 at 10:16 pm
എസ് സി നഴ്‌സറിയിലെ മരങ്ങള്‍ക്കരികെ യാസര്‍ അല്‍ മുല്ല

ദോഹ: നിര്‍മാണത്തിനും മറ്റുമായി നീക്കം ചെയ്യുന്ന മരങ്ങളെ സംരക്ഷിച്ച് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി). ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ഹരിതാഭമാക്കാന്‍ ഈ മരങ്ങള്‍ ഉപയോഗിക്കും. നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഖത്വറിലെ പ്രവാസി അബ്ദുല്‍ അസീസ് അല്‍ ത്വാലിബ് നല്‍കിയ 40 വയസുള്ള മരമാണ് ഇങ്ങനെ ആദ്യമായി എസ് സി സ്വീകരിച്ചത്. അല്‍ ഖോര്‍ സിറ്റിയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിന്റെ സമീപത്തായി ഇത് മാറ്റി നട്ടിട്ടുണ്ട്. സ്റ്റേഡിയത്തിന് ചുറ്റും വിശാലമായ ഗ്രീന്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ നേരത്തെ എസ് സി പദ്ധതിയിട്ടുണ്ട്.

മരത്തിന്റെ ചരിത്രവും മറ്റ് വിവരങ്ങളും സംഭാവന ചെയ്തയാളുടെ പേരുവിവരങ്ങളും മരത്തില്‍ സ്ഥാപിച്ച ബോര്‍ഡില്‍ നിന്ന് സെമിഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ അല്‍ ബെയ്ത് സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് മനസ്സിലാക്കാം. വിവിധ പദ്ധതി നിര്‍മാണ സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നതും സ്വകാര്യ വ്യക്തികള്‍ നല്‍കുന്നതുമായ ആയിരക്കണക്കിന് വൃക്ഷങ്ങള്‍ ലോകകപ്പ് ടൂര്‍ണമെന്റ് സൈറ്റുകള്‍ക്ക് പുതുജീവന്‍ നല്‍കും. മരം മുറിക്കുന്നതിന് നഗരസഭ, പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെടുമ്പോള്‍ അത് എസ് സിക്ക് സംഭാവന ചെയ്യുന്നതിന് അവസരമുണ്ടാകും. സംഭാവന ചെയ്യുന്ന മരം അല്‍ ശമാലിലെ എസ് സിയുടെ നഴ്‌സറിയിലാണ് താത്കാലികമായി നടുക. പിന്നീട് അതാത് സൈറ്റുകളിലേക്ക് എത്തിക്കും.

‘ഒന്ന് കൊടുക്കുക, ഒന്നെടുക്കുക’ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് എസ് സി ലാന്‍ഡ്‌സ്‌കേപ് ആന്‍ഡ് സ്‌പോര്‍ട്ട് ടര്‍ഫ് മാനേജ്‌മെന്റ് സീനിയര്‍ മാനേജര്‍ യാസര്‍ അല്‍ മുല്ല പറഞ്ഞു. വീടുകളില്‍ നിന്ന് ഒരു മരം തങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഒരു സിദ്‌റ തൈ നല്‍കും. ജനങ്ങള്‍ മരം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നത് വെബ്‌സൈറ്റ് വഴി അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. തുടര്‍ന്ന് അതാത് സ്ഥലത്തെത്തി മരം ഏറ്റെടുക്കും. ലോകകപ്പ് പരിസ്ഥിതി സൗഹൃദമാകാനുള്ള പ്രതിബദ്ധതയുടെ തെളിവാണിത്. രാജ്യത്തിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളില്‍ സംഭാവനയര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണിതെന്നും അല്‍ മുല്ല പറഞ്ഞു.
നഴ്‌സറിയില്‍ മാറ്റിനട്ട അയ്യായിരം മരങ്ങള്‍ വളരുന്നുണ്ട്. എണ്ണായിരം വരെ മരങ്ങള്‍ ഇങ്ങനെ വളര്‍ത്താം. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ 16000 പുതിയ മരത്തൈകള്‍ അടുത്തയാഴ്ചകളിലായെത്തും. 4.4 ലക്ഷം ചതുരശ്രമീറ്റര്‍ തകിടിയൊരുക്കാനുള്ള പുല്ലുകളും ഒരുങ്ങുന്നുണ്ട്. നഴ്‌സറിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ പൂര്‍ത്തിയാകും. ജലസേചനത്തിനുള്ള പ്രധാന ലൈന്‍ പൂര്‍ത്തിയായി. 3.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. 42 കിലോമീറ്റര്‍ നീളത്തില്‍ ജലസേചനത്തിനുള്ള മറ്റ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിന്റെ ചുറ്റും ഹരിതാഭമാക്കുന്നതിന് പുല്‍, മരം, കുറ്റിച്ചെടി തുടങ്ങിയവയാണ് കരാറുകാര്‍ക്ക് നഴ്‌സറിയില്‍ നിന്ന് ലഭിക്കുക. സ്റ്റേഡിയത്തിനടുത്തുള്ള താമസക്കാര്‍ക്ക് ഒഴിവുവേളകള്‍ ചെലവഴിക്കുന്നതിനാണ് ഇങ്ങനെ അലങ്കരിക്കുന്നത്. നഴ്‌സറിയില്‍ നിന്ന് വിതരണം ചെയ്യുന്ന മരങ്ങളുടെ പേര്, ജീവിതചക്രം, ഉത്പത്തി തുടങ്ങിയവ വിവരിക്കുന്ന ടാഗ് ഉണ്ടാകും.
നഴ്‌സറിയില്‍ ഇപ്പോള്‍ നിരവധി ദേശാടന പക്ഷികള്‍ വിരുന്നെത്തുന്നുണ്ട്. ഇവിടുത്തെ അന്തരീക്ഷം മാറിയതിന് തെളിവാണിത്. ഭാവിയില്‍ നഴ്‌സറി പാര്‍ക്കാക്കുമെന്നും അല്‍ മുല്ല പറഞ്ഞു.