കതിരൂര്‍ മനോജ് വധം: കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്

Posted on: March 7, 2017 6:58 pm | Last updated: March 8, 2017 at 9:51 am

ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസ് തലശ്ശേരി കോടതിയില്‍ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. കേസില്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ തീരുമാനം. സിബിഐ അന്വേഷിച്ച കേസിന്റെ വാദം നടക്കേണ്ടത് സിബിഐ കോടതിയിലായിരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞു.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ മാത്രമാണ് സിബിഐ കോടതിയില്‍ വിചാരണ നടത്തേണ്ടതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ക്രിമിനല്‍ കേസുകളില്‍ അതാത് കോടതി പരിധിക്കുള്ളില്‍ വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയ കോടതി കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.

2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപെടുന്നത്. പി ജയരാജന്‍ ഉള്‍പെടെയുളള സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.
കേസിന്റെ വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപെട്ട് സിബിഐ ആണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവ് വന്നതിനെ തുടര്‍ന്ന സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.