Connect with us

National

റാണി പദ്മിനി കൊട്ടാരത്തിന് നേരെ കര്‍മി സേനയുടെ ആക്രമണം

Published

|

Last Updated

ഛിത്തോര്‍ഗഢ്: രാജസ്ഥാനില്‍ 13ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഛിത്തോര്‍ഗഢിലെ പദ്മിനി മഹലിന് നേരെ ശ്രീ രജപുത് കര്‍മി സേനയുടെ ആക്രമണം. ഛിത്തോര്‍ഗഢ് കോട്ടയിലെ റാണി പദ്മിനി കൊട്ടാരത്തില്‍ സ്ഥാപിച്ച കണ്ണാടികള്‍ തകര്‍ത്തു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ളതാണ് രജ്പുത് രാജവംശം സ്ഥാപിച്ച ഈ കോട്ട. അന്ത്യശാസനം നല്‍കിയിട്ടും കണ്ണാടി നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് സേനാ പ്രസിഡന്റ് മഹിപാല്‍ സിംഗ് മക്‌റാന പറഞ്ഞു.

പുരാവസ്തു വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് 40 വര്‍ഷം മുമ്പാണ് കോട്ടയില്‍ കണ്ണാടികള്‍ സ്ഥാപിച്ചത്. റാണി പദ്മിനിയുടെ ചരിത്രത്തെ വളച്ചൊടിക്കുന്നതിനാണ് കണ്ണാടികള്‍ സ്ഥാപിച്ചതെന്നാണ് സേനയുടെ ആരോപണം. ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്ന് സ്വാഭിമാനം സംരക്ഷിക്കാന്‍ ആത്മത്യാഗം ചെയ്യുകയായിരുന്നു സൗന്ദര്യത്താല്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട റാണി പദ്മിനി. തന്നെ കാണാന്‍ കൊട്ടാരത്തിലെത്തിയ ഖില്‍ജിക്ക് മുന്നില്‍ പദ്മിനി തന്റെ പ്രതിബിംബം കണ്ണാടിയില്‍ കാട്ടിക്കൊടുത്തുവെന്നാണ് കഥ. എന്നാല്‍, റാണിയുടെ മുഖം ഖില്‍ജി കണ്ണാടിയില്‍ പോലും കണ്ടിട്ടില്ലെന്നും 13ാം നൂറ്റാണ്ടില്‍ കണ്ണാടി പ്രചാരത്തിലുണ്ടായിരുന്നില്ലെന്നും സേന വാദിക്കുന്നു.
നേരത്തെ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയും കര്‍മി സേന പ്രതിഷേധമുയര്‍ത്തിയിരുന്നു. റാണി പദ്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗം ചിത്രീകരിച്ചുവെന്നതായിരുന്നു പ്രതിഷേധ കാരണം. അതേസമയം, സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ രൂപക കാവ്യത്തിലെ കഥാപാത്രം മാത്രമാണ് റാണി പദ്മിനി എന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്.