പ്രകോപന യുദ്ധവുമായി ഉത്തര കൊറിയ

Posted on: March 7, 2017 6:44 am | Last updated: March 7, 2017 at 12:45 am
ഉത്തര കൊറിയയുടെ മിസൈല്‍ വിക്ഷേപണ വാര്‍ത്ത ടിവിയില്‍ വീക്ഷിക്കുന്ന ദക്ഷിണ കൊറിയന്‍ പൗരന്‍

സിയൂള്‍/ടോക്യോ: അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും ഭീഷണി നല്‍കി ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങള്‍. ബദ്ധവൈരികളായ ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസം നടക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ നാല് വിക്ഷേപണം നടന്നത്. ഒരുവിധത്തിലുമുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തരുതെന്ന ഐക്യരാഷ്ട്ര സഭയുടെ വിലക്കിന് പുല്ലുവില നല്‍കിയാണ് ഉത്തര കൊറിയയുടെ അപ്രതീക്ഷിത നീക്കം. യു എസ് – ദക്ഷിണ കൊറിയ സംയുക്ത സൈനിക ആഭ്യാസം നടക്കുന്ന ജപ്പാന്‍ കടലില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഉത്തര കൊറിയയുടെ അയല്‍രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവും ഉത്കണ്ഠയും അറിയിച്ചു. ഉത്തര കൊറിയയെ നേരിടാന്‍ സൈനിക സംഘത്തെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ കടലില്‍ സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചത്. ഈ മാസം ഒന്നിന് ആരംഭിച്ച സൈനിക അഭ്യാസം എപ്രില്‍ 30 വരെ നീണ്ടുനില്‍ക്കും.

ഇന്നലെ രാവിലെ പ്രാദേശിക സമയം 7.36നാണ് മിസൈല്‍ വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണമാണോ അതോ പ്രത്യേക ലക്ഷ്യത്തോടെയുള്ളതാണോ എന്ന് വ്യക്തമല്ല. മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയും ജപ്പാനും വിവരങ്ങള്‍ പുറത്തുവിട്ടെങ്കിലും ഉത്തകൊറിയയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

ട്രംപിന്റെ വരവോട് കൂടി നയതന്ത്രബന്ധം ശക്തമാക്കിയ ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്നോണമാണ് ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം. ജപ്പാന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് കേവലം 300 കിലോമീറ്റര്‍ അകലെ മൂന്ന് മിസൈലുകള്‍ പതിച്ചു. 260 കിലോമീറ്റര്‍ ഉയരത്തില്‍ ആയിരം കിലോമീറ്റര്‍ താണ്ടിയാണ് മൂന്ന് മിസൈലുകളും ജപ്പാന്‍ കടലില്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയയും ജപ്പാനും വ്യക്തമാക്കി. ചൈനീസ് – ഉത്തര കൊറിയന്‍ അതിര്‍ത്തിയിലാണ് വിക്ഷേപണം നടന്നതെന്നത് ചൈനയേയും ചൊടിപ്പിച്ചിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് കഴിഞ്ഞ മാസവും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരുന്നു. ജപ്പാന്‍ – യു എസ് ബന്ധം ശക്തമാക്കാനുള്ള നയതന്ത്ര ശ്രമം നടക്കുന്നതിനിടെയായിരുന്നു ജപ്പാന്‍ കടലിലെ ഈ വിക്ഷപണം. കഴിഞ്ഞ മാസം 12ന് നടന്ന വിക്ഷേപണത്തില്‍ മിസൈല്‍ 500 കിലോമീറ്ററോളം പറന്നിരുന്നു.