വരൂ, പരീക്ഷക്കു പോകാം

Posted on: March 7, 2017 6:18 am | Last updated: March 7, 2017 at 12:22 am

പഠിക്കാന്‍ പോകുന്ന കൂട്ടികള്‍ പരീക്ഷ എഴുതേണ്ടിവരും. പേടിച്ചോ മറ്റോ മാറിനിന്നാല്‍ പഠിക്കാന്‍ പോയതും അതിന് സമയം ചെലവഴിച്ചതും വെറുതെയാകും. പരീക്ഷകള്‍ക്കു മുമ്പില്‍ ഭയം കൂടാതെ നിവര്‍ന്നുനില്‍ക്കുന്ന വിദ്യാര്‍ഥിക്ക് ഉത്തരങ്ങളെല്ലാം മുഴുവനായി എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും സവിശേഷമായ ആത്മധൈര്യം കൈവരുമെന്നുറപ്പ്. അതു വഴി എഴുതിയ ഉത്തരങ്ങള്‍ സമ്പൂര്‍ണവും കുറ്റമറ്റതുമായിരിക്കാന്‍ സാധ്യതയേറുന്നു. മനസ്സുറപ്പോടെയും ആത്മധൈര്യത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കാന്‍ സഹായകമാകുന്ന ചില സൂത്രങ്ങള്‍ പരിചയപ്പെടാം.

ടൈംടേബിള്‍ ഉണ്ടാക്കുക

വായിക്കാനും പഠിക്കാനും തുടങ്ങുന്നതിന് മുമ്പ് സമയ കൃത്യത ഉറപ്പുവരുത്തണം. സമയം പാലിക്കുന്നതിനായി ഒരു ടൈംടേബിള്‍ ഉണ്ടാക്കി എപ്പോഴും കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കുക. ഏതൊക്കെ വിഷയങ്ങള്‍ എപ്പോഴൊക്കെ എത്ര സമയം മുതല്‍ എത്ര സമയം വരെ വായിക്കണം പഠിക്കണം എന്നുള്ള വിഷയത്തില്‍ മുന്‍ഗണനാ ക്രമമനുസരിച്ച് ധാരണയുണ്ടായാല്‍ പഠനരീതി ലളിതവും സുഗമവുമാകും.
ലഭ്യമാകുന്ന സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതാണ് യഥാര്‍ഥ വിജയം എന്ന് കേട്ടിട്ടില്ലേ? ആയതിന് സഹായകമാകുന്ന ശീലമാണ് ടൈംടേബിള്‍ പാലിക്കുക എന്നത്. അപ്രകാരം ഉറങ്ങുന്നതിനും ഉണരുന്നതിനും പ്രാര്‍ഥിക്കുന്നതിനും വ്യായാമത്തിനും വിനോദത്തിനുമൊക്കെ എങ്ങനെ സമയം ചെലവഴിക്കണമെന്നു കൂടി ടൈംടേബിള്‍ മുഖേന നിശ്ചയിച്ചിരിക്കണം. നിര്‍ണയിച്ച സമയത്തിലൊതുങ്ങി മാത്രം നിശ്ചിത കാര്യങ്ങള്‍ ചെയ്യുമെന്ന് നിര്‍ബന്ധം പാലിക്കാന്‍ കഴിയണം. സമയ നിഷ്ഠയും സമയ വിനിയോഗ രീതിയും വിജയം എളുപ്പമാകാന്‍ സഹായകമാകുന്ന ആത്മ വിശ്വാസമാണ് പകര്‍ന്നു നല്‍കുക. ഏതു മേഖലയിലും ആത്മവിശ്വാസത്തിലുപരിയായ മറ്റൊരു ചാലക ശക്തി കണ്ടെത്തുക സാധ്യമല്ല. അതിനാല്‍ ജീവിത്തിലുടനീളം സമയക്രമം പാലിച്ച് ആത്മവിശ്വാസം സംഭരിക്കുക. വിജയം ഉറപ്പ്.

ധാരാളം മോഡല്‍
പരീക്ഷകള്‍ എഴുതുക

പ്രധാനപ്പെട്ട പരീക്ഷകള്‍ക്കു മുമ്പായി മോഡല്‍ പരീക്ഷകള്‍ ഉണ്ടാകാറുണ്ടല്ലോ. ചോദ്യങ്ങളുടെ സ്വഭാവവും ശൈലിയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. വിജയം ആഗ്രഹിക്കുന്ന കുട്ടികള്‍ ഇത് കൂടാതെ വേറെയും മോഡല്‍ പരീക്ഷകള്‍ എഴുതി നോക്കുന്നവരായിരിക്കും. അതെങ്ങനെ സാധിക്കും? പോയ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ കിട്ടുന്നിടത്തു നിന്നൊക്കെ പരമാവധി ശേഖരിക്കുക. മേല്‍പറഞ്ഞ ടൈംടേബിളില്‍ അതിനു കൂടി സമയം ഉള്‍പ്പെടുത്തുക. അത്യാവശ്യമാകുന്ന പക്ഷം വ്യത്യസ്ത വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ അടുത്തറിഞ്ഞ് ഉത്തരം കണ്ടെത്തുന്നതിനായി മറ്റൊരു ടൈംടേബിള്‍ കൂടി ഏര്‍പ്പെടുത്താവുന്നതാണ്. സമ്മര്‍ദങ്ങളില്ലാതെ അവരുടെ ഉള്ളുകള്ളികള്‍ പരിചയിച്ച് ചോദ്യങ്ങളെ നേരിടുന്നതിനും ഉത്തരങ്ങള്‍ സ്വരൂപിക്കുന്നതിനുമുള്ള വഴികള്‍ സ്വായത്തമാക്കാന്‍ ഇങ്ങനെ പലതരത്തില്‍ പെട്ട മോഡല്‍ പരീക്ഷാ ശൈലികളിലൂടെ സാധിക്കും.

കീ നോട്ട്‌സ് ആശ്രയിക്കുക

നോട്ടു ബുക്കുകളോ ടെക്സ്റ്റുകളോ നോക്കി ധാരാളം സമയം ചെലവഴിക്കുന്നതിനു പകരം പാഠങ്ങള്‍ പഠിക്കുമ്പോള്‍ രേഖപ്പെടുത്തി വെച്ച കീ നോട്ട്‌സ് ഓടിച്ചു നോക്കി വിഷയം മനസ്സില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. പഠിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങളിലെ ഓര്‍മിക്കേണ്ടതും പ്രാധാന്യമുള്ളതും ചോദ്യങ്ങളായി വരാന്‍ സാധ്യതയുള്ളതുമായ ഭാഗങ്ങള്‍ സ്വന്തം ഭാഷയില്‍ ലളിതമായി ചുരുക്ക രൂപത്തില്‍ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാവുന്ന വിധത്തില്‍ രേഖപ്പെടുത്തി വെക്കുന്നതിനെയാണ് കീ നോട്ട്‌സ് തയ്യാറാക്കുക എന്ന് പറയുന്നത്. കീ നോട്ട്‌സ് ശീലം അതതു ദിവസങ്ങളിലെ പാഠങ്ങള്‍ പഠിക്കുന്ന വേളയില്‍ തന്നെ ഉണ്ടാക്കിയെടുക്കണം. ടെക്സ്റ്റുകളും നോട്ടുബുക്കുകളും നേരിട്ട് വായിച്ച് പഠിക്കേണ്ടി വരുമ്പോള്‍ സമയ നഷ്ടത്തിനു പുറമെ ചിന്തയും മനസ്സും കൂടുതല്‍ ഭാരപ്പെടേണ്ട അവസ്ഥയാണുണ്ടാകുക.

അതില്ലാതിരിക്കാനാണ് കീ നോട്ട്‌സ് ശീലം ഉണ്ടാക്കിയെടുക്കണമെന്ന് പറയുന്നത്. ഓര്‍മശക്തിയേയും ആലോചനാ ശേഷിയേയും ദോഷകരമായി ബാധിക്കാതെ നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ കീ നോട്ട്‌സ് അവലംബിക്കുന്ന ശീലം വളരെ നന്നായി ഉപകരിക്കും. ലളിതമായ രീതിയില്‍ കീ നോട്ട്‌സ് തയ്യാറാക്കുന്ന രീതി അധ്യാപകരില്‍ നിന്നോ മറ്റോ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

കൃത്യമായ ജീവിതചിട്ടകള്‍

പരീക്ഷാ വേളകളിലും അതിനടുത്തുള്ള സമയങ്ങളിലും ജീവിത ചിട്ടകളില്‍ കൂടുതല്‍ കൃത്യത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചിട്ടകള്‍ ജീവിതത്തിലുടനീളം വേണ്ടതാണെങ്കില്‍ തന്നെയും അതിന്റെ അഭാവം പഠന വേളകള്‍ അസ്വസ്ഥ പൂര്‍ണവും അനാരോഗ്യകരവുമായി മാറുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണല്ലോ. കൃത്യമായി ഉറങ്ങുകയും ഉണരുകയും ചെയ്യുക, ഭക്ഷണ രീതികളിലും സമയങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കുക, ഉന്മേഷവും താല്‍പര്യവും നിലനിര്‍ത്തുക, ക്ഷീണവും അലസതയും ഉണ്ടാകാതെ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ജീവിത ചിട്ടകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമാണ്. ഇപ്പറഞ്ഞ തരത്തില്‍ കൃത്യതയില്ലാതെ പരീക്ഷച്ചൂടില്‍ ഉറങ്ങുകയെങ്ങനെ, ഭക്ഷണം കഴിക്കുന്നതെങ്ങനെ എന്നൊക്കെ ആലോചിച്ച് ചിന്തയെയും മനസ്സിനെയും കലക്കാന്‍ നിന്നാല്‍ സംഗതി എവിടെയുമെത്താന്‍ പോകുന്നില്ല. പരീക്ഷ യാതൊരു ദൈനംദിന കര്‍മങ്ങള്‍ക്കും തടസ്സമോ ഭാരമോ ആകുന്ന അവസ്ഥ ഉണ്ടാകരുത്. പരീക്ഷയെ പരീക്ഷയായും ജീവിത ചിട്ടകളെ അങ്ങനെയും കണക്കിലെടുക്കാന്‍ കഴിഞ്ഞാല്‍ വിജയവഴിയിലേക്ക് അതിവേഗം പോകാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മാര്‍ഗതടസ്സങ്ങള്‍
നീക്കം ചെയ്യുക

സമയനിഷ്ഠയും ചിട്ടകളും പാലിച്ച് കൃത്യമായി പഠിക്കുന്നതിന് തടസ്സമാകുന്ന എന്തിനേയും മാറ്റിവെക്കാന്‍ തയ്യാറാകണം. എന്ത് കാരണത്താലാണോ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നതെന്ന് അറിയാന്‍ ശ്രമിക്കുക. എന്നിട്ട് അതിനെ അടിയന്തര സ്വഭാവത്തോടെ നീക്കം ചെയ്യുക, മാറ്റിവെക്കുക. ചിലര്‍ക്ക് മൊബൈല്‍ ആകാം തടസ്സം. ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സ്‌പോര്‍ട്‌സ്, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, പ്രണയം തുടങ്ങിയവയും മാര്‍ഗ തടസ്സങ്ങളായി വരാം. എന്ത് മൂലമാണ് ശ്രദ്ധയും ഓര്‍മയും കൈമോശം വന്ന് പോകുന്നതെന്ന് പൊടുന്നനെ മനസ്സിലാക്കി അതിവേഗം അതുമായുള്ള ബന്ധം വിഛേദിക്കുകയല്ലാതെ വഴിയില്ല. ഇപ്പോള്‍ നമുക്ക് മുമ്പിലുള്ളത് ജീവിത ഗതി നിര്‍ണയിക്കുന്ന പരീക്ഷാവേളയാണ്. അവിടെ പതറിക്കൂടെന്നുള്ള ഉത്തമ ബോധ്യമുണ്ടെങ്കില്‍ മേല്‍ പറഞ്ഞ വിധത്തിലുള്ള പഠന തടസ്സങ്ങളായി വരുന്ന കാര്യങ്ങളെ അറിഞ്ഞു ദൂരെയാക്കാന്‍ ആര്‍ക്കും മടിയുണ്ടാകില്ല.

പരീക്ഷാസമയത്ത്
പാലിക്കേണ്ടവ

പരീക്ഷാഹാളിലേക്ക് കടക്കുന്നതിന് മുമ്പായി പഠനശ്രമങ്ങള്‍ അവസാനിപ്പിക്കുകയും വായന നിര്‍ത്തുകയും ചെയ്യുകയെന്നത് നല്ല പരീക്ഷാര്‍ഥിയുടെ ലക്ഷണമാണ്. ചുരുങ്ങിയത് പരീക്ഷാബെല്ലിന് പതിനഞ്ച് മിനുട്ട് മുമ്പെങ്കിലും വായന അവസാനിപ്പിച്ച് മനസ്സ് ശാന്തമാകാന്‍ അവസരം കൊടുക്കുന്നതിലൂടെ നല്ല പ്രയോജനമുണ്ടാക്കാന്‍ കഴിയും. അന്നേരത്തുള്ള മനസ്സിന്റെ ശാന്തതയും ഒഴിവും ഒരു ചെറിയ കാര്യമൊന്നുമല്ല. പുസ്തകം മാറ്റിവെച്ച് നന്നായി ശ്വസിച്ച് ഏകാഗ്രതയും ശാന്തതയും കൈവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. വേറെ ജോലികളിലൊന്നും ഏര്‍പ്പെടാതെ റിലാക്‌സ് ചെയ്യാനുള്ള നിമിഷങ്ങളായി അന്നേരത്തെ മാറ്റിയെടുക്കണം. ഒഴിഞ്ഞ ചിന്തയും ഭാരം കുറഞ്ഞ മനസ്സുമായി സമ്മര്‍ദങ്ങളേതുമില്ലാതെ പരീക്ഷാഹാളിലേക്ക് കയറാന്‍ കഴിഞ്ഞാല്‍ പഠിച്ചു വെച്ച കാര്യങ്ങളിലേക്ക് പ്രയാസങ്ങളില്ലാതെ മനസ്സിന് ഇഴഞ്ഞെത്താന്‍ സാധിക്കും
ചോദ്യപ്പേപ്പര്‍

നന്നായി വായിക്കുക

പരീക്ഷാ ഹാളിലെത്തി ചോദ്യപ്പേപ്പര്‍ കിട്ടിയ ഉടനെ യാതൊരു കാര്യവും ചിന്തിക്കാതെ നില്‍ക്കാതെ വാരി വലിച്ചെഴുതാന്‍ തുനിയുന്ന സ്വഭാവമല്ല നല്ല പരീക്ഷാര്‍ഥിക്ക് വേണ്ടത്. ശ്രദ്ധയോടെ പരീക്ഷയെ നേരിട്ട് വിജയത്തിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് കിട്ടിയ ചോദ്യങ്ങള്‍ മുഴുവനായി വായിച്ചു നോക്കുകയാണ്. വെറുതെ ഓടിച്ചു നോക്കുകയല്ല. ചോദ്യങ്ങളെ വിലയിരുത്തി അവയുടെ സ്വഭാവം മനസ്സിലാക്കുന്ന രീതിയിലുള്ള വായനയാണ് നടത്തേണ്ടത്. ഏതു വിധത്തിലുള്ള ചോദ്യങ്ങളാണ്, അവക്ക് ഏതുവിധമൊക്കെ ഉത്തരമെഴുതാന്‍ കഴിയും എന്നിങ്ങനെയുള്ള മിനിമം ധാരണ ആ വായനയില്‍ നിന്ന് ലഭിച്ചിരിക്കണം. നാലോ അഞ്ചോ മിനുട്ട് അതിനായി മാറ്റി വെച്ചാലും നഷ്ടപ്പെടാനൊന്നുമില്ല. വായിച്ച ശേഷം ചോദ്യങ്ങളെ ഉത്തരങ്ങള്‍ക്കായി നേരിടുന്നതില്‍ ഭയമോ ആശങ്കയോ ബാക്കിയുണ്ടാവാനിടയില്ല.

ചോദ്യങ്ങളെ തരം തിരിക്കാംപലതരം സെക്ഷനുകളിലായി

ധാരാളം ചോദ്യങ്ങളടങ്ങിയതായിരിക്കും ചോദ്യപ്പേപ്പര്‍. ഓരോ സെക്ഷനിലെയും ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മാര്‍ക്കുകളാകും നിശ്ചയിച്ചിട്ടുണ്ടാവുക. കൂടുതല്‍ മാര്‍ക്ക് നേടുന്ന ഉത്തരങ്ങള്‍ക്ക് കൂടുതല്‍ സമയവും കുറഞ്ഞവക്ക് കുറഞ്ഞ സമയവും വിനിയോഗിക്കാന്‍ കഴിയണം. അങ്ങനെ ചെയ്താല്‍ സമയം ലാഭിക്കാനും മാര്‍ക്ക് നല്ല പോലെ സ്‌കോര്‍ ചെയ്യാനും സാധിക്കും. ചെറിയ മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഏറിയ സമയം വിനിയോഗിക്കേണ്ടി വന്നാല്‍ അവസാന സമയത്ത് ഉത്തരമെഴുതി തീരാതെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെയും വഴിയിലാകുന്ന ദുരവസ്ഥയുണ്ടാകും. അതൊഴിവാക്കാനാണ് ചോദ്യോത്തരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി മാര്‍ക്ക് ലഭിക്കാനുള്ള എളുപ്പ വഴികള്‍ തേടണമെന്നും തരംതിരിച്ചു സമയം നിശ്ചയിക്കണമെന്നും പറഞ്ഞത്.

മുന്‍ഗണനാ ക്രമം

വായിച്ചു ഗ്രഹിച്ചു കഴിഞ്ഞ ചോദ്യങ്ങളില്‍ ഉത്തരം കിട്ടുന്നവയേത് കിട്ടാത്തവയേത് എന്നൊരു ധാരണ ലഭിച്ചിട്ടുണ്ടാകുമല്ലോ. അറിയുന്ന ഉത്തരങ്ങള്‍ ഏറ്റവും ആദ്യമെന്ന ക്രമത്തിലാണ് എഴുതിത്തുടങ്ങേണ്ടത്. സെക്ഷന്‍ നമ്പര്‍, ചോദ്യ നമ്പര്‍ എന്നിവ പിഴക്കാതെ നോക്കുകയും വേണം. ശരിയായ ഉത്തരങ്ങള്‍ മാത്രം ആദ്യമാദ്യം ഉണ്ടായിരിക്കുക എന്നത് ശുഭലക്ഷണമാണ്. മാര്‍ക്കിടുന്നവരുടെ മനസ്സിനെ വരിവരിയായിക്കാണുന്ന ശരിയുത്തരങ്ങള്‍ ചെറുതായെങ്കിലും സ്വാധീനിക്കാതിരിക്കില്ല. അതേ സ്ഥാനത്ത് ആദ്യത്തില്‍ തന്നെ തെറ്റുത്തരങ്ങള്‍ പകര്‍ത്തി വെക്കുകയോ സംശയമുള്ളവ എഴുതി ആശയക്കുഴപ്പമുണ്ടാക്കുകയോ ചെയ്താല്‍ അതും മാര്‍ക്കിടുന്നവരുടെ മനസ്സിനെ സ്വാധീനിക്കും. ഒരിക്കലും നമ്പര്‍ എഴുതി വെച്ച് സ്ഥലം കാലിയായി വിടുന്ന പ്രവണത ഉണ്ടാകരുത്. അത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ്.

അവസാന ബെല്‍ വരെ

എല്ലാം ശരിയായിത്തന്നെ എഴുതി എന്നുറപ്പുണ്ടായാലും അവസാന ബെല്‍ മുഴങ്ങുന്നതു വരെ ഹാളില്‍ തന്നെയുണ്ടാവുകയെന്നത് നല്ലതാണ്. എഴുതിയ എല്ലാ ഉത്തരങ്ങളും പൂര്‍ണമായി ശരിതന്നെയാണോയെന്നും തെറ്റുത്തരമൊന്നും കടന്നുകൂടിയിട്ടില്ലെന്നും ശ്രദ്ധിച്ചുനോക്കാനായി ആ അവസരം ഉപയോഗപ്പെടുത്തണം. ശ്രദ്ധയില്‍ പെടാതെ പോകാന്‍ സാധ്യതയുള്ള അപാകതകളെയും പൂര്‍ണമല്ലാത്ത ശരിയുത്തരങ്ങളെയും അപ്പോള്‍ കണ്ടെത്താനാകും. ശരിയായി എഴുതിയ ഉത്തരങ്ങളില്‍ പിന്നീട് ബോധ്യപ്പെട്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനോ വേണ്ടി വന്നാല്‍ ഉത്തരങ്ങളെ പരിഷ്‌കരിക്കാനോ സാധിക്കണമെങ്കില്‍ ആദ്യാവസാനം സൂക്ഷ്മവായന നല്ലതാണ്. എഴുതിക്കഴിഞ്ഞു. ഇനി ഞാന്‍ ഇറങ്ങട്ടെ എന്ന മട്ടിലായാല്‍ ഇത്തരം പ്രയോജനപ്രദമായ കാര്യങ്ങള്‍ക്കൊന്നും അവസരം ലഭിക്കില്ലെന്ന് മനസ്സിലാക്കുക.

ശരിതെറ്റു ചര്‍ച്ചകള്‍ വേണ്ട

പരീക്ഷ എഴുതിത്തീര്‍ന്ന ഉടനെ ഹാളിനു പുറത്തെത്തി എഴുതിയ ഉത്തരങ്ങളിലെ ശരിത്തെറ്റുകള്‍ ചര്‍ച്ചചെയ്ത് സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്ന അവസ്ഥ നല്ലതല്ല. ചെറിയ ചെറിയ ശ്രദ്ധയില്‍ പെടാതെ പോയ അപാകതകള്‍ മൂലം തെറ്റായിപ്പോയ ഉത്തരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരീക്ഷാ ഹാളിനു സമീപത്തുനിന്നു തന്നെ പൊടുന്നനെ അറിയുന്നത് വരാനുള്ള പരീക്ഷകള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെ കൂടി ദോഷകരമായി ബാധിക്കാനിടയുണ്ട്. ശരി ശരിയാകും. അല്ലാത്തത് തെറ്റും. വിട്ടു കളയുക. ഹാളിന്റെ വാതില്‍ക്കലും മൈതാന മതിലിന്റെ വക്കിലും ഇരുന്ന് ഹോ!അങ്ങനെ എഴുതിയില്ല, എന്ന് നിങ്ങളും ഞാന്‍ ഇങ്ങനെയാണെഴുതിയത് എന്ന് കൂട്ടുകാരനും പരസ്പരം സംവദിക്കുമ്പോള്‍ നെഗറ്റീവ് എനര്‍ജിയാണ് മനസ്സിലേക്ക് കയറുക. അതുമൂലം നാം പണിപ്പെട്ടു സംഭരിച്ചു വെച്ചിട്ടുള്ള ആത്മധൈര്യം ചോര്‍ന്നു പോകുമെന്നു പറയേണ്ടതില്ലല്ലോ. ഒരു പരീക്ഷ കഴിഞ്ഞാല്‍ വേഗം വീട്ടില്‍ ചെന്ന് അടുത്ത പരീക്ഷക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്താനാണ് ശ്രദ്ധിക്കേണ്ടത്.