കൊട്ടിയൂര്‍ പീഡനം: ദത്തെടുപ്പ് കേന്ദ്രം മേധാവി അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: March 6, 2017 7:40 pm | Last updated: March 7, 2017 at 6:59 pm

വൈത്തിരി: കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രമായ ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോം മേധാവി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സിസ്റ്റര്‍ ഒഫീലിയയാണ് വയനാട് ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചത്. അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ എട്ടാം പ്രതിയാണ് സിസ്റ്റര്‍ ഒഫീലിയ.

ഇവര്‍ക്ക് പുറമെ ക്രിസ്തുരാജ ആശുപത്രി ജീവനക്കാരായ ടെസി ജോസ്, ഡോ. ഹൈദരലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം വയനാട് ശിശുക്ഷേമ സമിതിക്കെതിരെ ദത്തെടുപ്പ് കേന്ദ്രം രംഗത്ത് വന്നിരുന്നു.

നവജാത ശിശുവിനെ ലഭിച്ച വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം സിസ്റ്റര്‍ ഡോ. ബെറ്റി ജോസിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍നിന്നും ഫോണ്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ റൂള്‍ 18 പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപനത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാതെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് ദത്തെടുക്കല്‍ കേന്ദ്രത്തോട് വിശദീകരണം ചോദിച്ചതായുള്ള പ്രസ്താവനയും വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു ദത്തെടുപ്പ് കേന്ദ്രത്തിന്റെ വിശദീകരണം.