ശുദ്ധജല പ്രശ്‌നം: ജനപ്രതിനിധികളെ ജനകീയ വിചാരണ ചെയ്യും

Posted on: March 4, 2017 11:35 am | Last updated: March 4, 2017 at 10:18 am

പെരിന്തല്‍മണ്ണ: ശുദ്ധജല പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി വോട്ടര്‍മാര്‍ ജനപ്രതിനിധികളെ ജനകീയ വിചാരണ നടത്താനൊരുങ്ങുന്നു. മഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെട്ട പട്ടിക്കാട് ഹൈസ്‌കൂള്‍ പ്രദേശത്തെ വോട്ടര്‍മാരാണ് രാഷ്ട്രീയം മറന്ന് കുടിവെള്ള പ്രശ്‌നത്തില്‍ ഒരുമിക്കുന്നത്. മാറി മാറി വരുന്ന സര്‍ക്കാറുകളും ജയിച്ചുപോവുന്ന ജനപ്രതിനിധികളും നാളിതുവരെ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല.

നാട്ടുകാരുടെ പ്രതിഷേധം ഉയരാതിരിക്കാന്‍ പലപ്പോഴും പ്രദേശത്തെ കിണറുകളില്‍ നിന്ന് തന്നെ ചെറുപദ്ധതികള്‍ നടപ്പാക്കാറാണ് പതിവ്. എന്നാല്‍ ഇത്തരം പദ്ധതികളെല്ലാം വര്‍ഷക്കാലങ്ങളില്‍ സജീവമാവുകയും വേനലില്‍ നിശ്ചലമാവുകയുമാണ് ചെയ്യാറ്. ഇത് നിരവധി തവണ ജനപ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചെങ്കിലും പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പിന്നീട് ഈ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കാറില്ല. നേരത്തെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശം മഞ്ചേരി മണ്ഡലത്തിലേക്ക് മാറ്റിയതോടെ വികസന മുരടിപ്പിന് കാരണമാവുകയായിരുന്നു.
പലപ്പോഴും പെരിന്തല്‍മണ്ണ, മഞ്ചേരി, മണ്ഡലങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്ന കീഴാറ്റൂര്‍ പഞ്ചായത്തിലെ പട്ടിക്കാട് പ്രദേശം പടിക്കു പുറത്താവുകയായിരുന്നു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗവ. എല്‍ പി സ്‌കൂള്‍, അറുപതോളം കുട്ടികള്‍ പഠിക്കുന്ന അങ്കണ്‍വാടി, പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ഉപജില്ലകളിലെ അധ്യാപക പരിശീലന കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കുടിവെള്ളമില്ലാത്തതിന്റെ പേരില്‍ വേനലിലെ പഠനം താറുമാറാകല്‍ പതിവാണ്. എം പി, എം എല്‍ എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ വിളിച്ചു കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.