അങ്ങേയറ്റം ജനക്ഷേമകരം: വി എസ്

Posted on: March 4, 2017 10:45 am | Last updated: March 4, 2017 at 10:10 am

തിരുവനന്തപുരം: സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലും അങ്ങേയറ്റം ജനക്ഷേമകരമായ ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. വര്‍ത്തമാനകാല സാമൂഹിക സാമ്പത്തിക പരിമിതികള്‍ മറികടന്നു കൊണ്ട് കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായകമായ ബജറ്റാണിത്.

പശ്ചാത്തല സൗകര്യ വികസനത്തിനും പരമ്പരാഗത മേഖലക്കും ആരോഗ്യ വിദ്യാഭ്യാസരംഗങ്ങള്‍ക്കും പരമ പ്രധാനമായ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. സ്ത്രീസുരക്ഷ സംബന്ധിച്ച് ഏറെ ജാഗ്രതാ പൂര്‍ണമായ സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനം എന്ന പദവിയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ബജറ്റ് നിര്‍ദേശം അത്യന്തം ശ്ലാഘനീയമാണ്. സംസ്ഥാനത്ത് സമ്പൂര്‍ണമായി വൈദ്യുതീകരണം യാഥാര്‍ഥ്യമാക്കാനുള്ള നിര്‍ദേശങ്ങളും ശ്രദ്ധേയമാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, ക്ഷേമപെന്‍ഷനുകളുടെ വര്‍ധന, ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം, ജീവിത ശൈലീരോഗങ്ങള്‍ക്കുള്ള സൌജന്യ ചികിത്സ തുടങ്ങി ഒട്ടനവധി വികസനക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുന്ന ബജറ്റ് എല്ലാ അര്‍ഥത്തിലും സ്വാഗതാര്‍ഹമാണെന്നും വി എസ് പറഞ്ഞു.