സംഘ്പരിവാര്‍ ഭീഷണി തള്ളേണ്ടതില്ലെന്ന് സി പി എം

Posted on: March 4, 2017 10:45 am | Last updated: March 4, 2017 at 10:05 am

തലശ്ശേരി: സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ സംഘ്പരിവാറിനെ നയിക്കുന്ന ആര്‍ എസ് എസ് നടത്തുന്ന പരസ്യ വധ ഭീഷണി കളിവാക്കായി തള്ളേണ്ടതില്ലെന്ന് സി പി എം. പരസ്യ ഭീഷണിക്കെതിരെ പരസ്യമായി തന്നെ പ്രതിഷേധം പ്രകടിപ്പിക്കുന്നതോടൊപ്പം തികഞ്ഞ ജാഗ്രത പുലര്‍ത്താന്‍ നേതൃത്വം കീഴ്ഘടകങ്ങളോട്്് ആവശ്യപ്പെട്ടു. നേരത്തെ സംഘ്പരിവാര്‍ ഭീഷണി കാരണം ഭോപ്പാലിലെ ചടങ്ങില്‍ നിന്ന്്് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം പിന്‍മാറേണ്ടി വന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ സമാനഭീഷണിയുമായി കഴിഞ്ഞ ദിവസം മംഗ്ലുരുവില്‍ ആര്‍ എസ് എസ് മുന്നോട്ട് വന്നിരുന്നെങ്കിലും ഈ ഉദ്യമം പരാജയപ്പെട്ടത്് ബി ജെ പി ഉള്‍പ്പെടെയുള്ള പരിവാര്‍ സംഘടനകള്‍ക്ക്്് ഓര്‍ക്കാപ്പുറത്ത്്് മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു. ഈ ജാള്യത മറക്കാന്‍ ബി ജെ പി നേതാക്കളും ഇവരെ വിടാതെ സി പി എമ്മും പ്രസ്താവനകളിലൂടെ കൊമ്പുകോര്‍ക്കുന്നതിനിടയിലാണ് പിണറായി വിജയന്റെ തലയെടുക്കാന്‍ തന്നെയാണ് ഉദ്ദേശ്യമെന്നും ഇതിന് തയ്യാറാകുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്നുമുള്ള ആര്‍ എസ് എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളി പ്രസംഗം പുറത്തുവന്നത്.

ചന്ദ്രാവത്തിന്റേത് സംഘടനയുടെ നിലപാടല്ലെന്ന് ആര്‍ എസ് എസും ഇത്തരം വാക്കുകള്‍ ബി ജെ പിയുടെ രീതിയല്ലെന്ന് അവരും വിവാദ പ്രസംഗത്തിന് തൊട്ടുപിന്നാലെ പ്രതികരിച്ചിട്ടുണ്ടെങ്കിലും സി പി എമ്മുമായുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചന സംഘ്പരിവാര്‍ രഹസ്യമായി നല്‍കുന്നുണ്ട്.