Connect with us

Articles

യെസ്, പോസിറ്റീവ്

Published

|

Last Updated

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ ആദ്യ പൂര്‍ണ ബജറ്റ് എന്ന നിലയില്‍ വലിയ പ്രതീക്ഷ നിലനിന്നിരുന്നു തോമസ് ഐസക്ക് അവതരിപ്പിച്ച അദ്ദേഹത്തിന്റെ എട്ടാമത്തെ ബജറ്റിന്. പക്ഷേ, ബജറ്റ് പ്രസംഗം പൂര്‍ത്തിയാകും മുമ്പ് അതിലെ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തെത്തിയത് അതിന്റെ ശോഭ കെടുത്തിയിരിക്കുന്നു. ബജറ്റ് ചോര്‍ന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തുമ്പോള്‍, അതിന് വിശ്വാസ്യതയേറാനുള്ള സാധ്യത ഏറെയാണ്. അതിനൊപ്പം പ്രധാനമാണ് ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാകാന്‍ പോകുന്ന സാഹചര്യം. കൈവിരലില്‍ എണ്ണാവുന്ന ഇനങ്ങളിലൊഴികെ ബാക്കിയെല്ലാ നികുതിക്കുമേലുമുള്ള അധികാരം കേന്ദ്ര സര്‍ക്കാറിലോ ജി എസ് ടി കൗണ്‍സിലിലോ നിക്ഷിപ്തമാകുമ്പോള്‍ വിഭവ സമാഹരണത്തിനുള്ള സംസ്ഥാനങ്ങളുടെ സാധ്യത പരിമിതപ്പെടുകയാണ്. മുന്‍ഗണന നല്‍കി നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് ആവശ്യമായ വിധത്തില്‍ പണം സമാഹരിക്കാനുള്ള സാധ്യത ഇല്ലാതിരിക്കെ, സംസ്ഥാനങ്ങളുടെ ബജറ്റ് എന്ന വ്യായാമം തന്നെ ഏറെക്കുറെ നിരര്‍ഥകമായി മാറുന്ന സ്ഥിതി. അതിന്റെ പ്രതിഫലനം ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കാണാം. ലഭ്യമായ വിഭവങ്ങളെ വിവിധ വകുപ്പുകളിലേക്ക് വഴിതിരിച്ചുവിടുക, അത് ഏറെക്കുറെ സമതുലിതമാക്കുക എന്നതു മാത്രമേ ധനമന്ത്രിക്ക് ചെയ്യാനുള്ളൂ. അതിന് പുറത്തുള്ള വിഭവ സമാഹരണം ബജറ്റിന് പുറത്താണ് നടക്കുന്നത്. നിയമം മൂലം കരുത്തുനല്‍കിയ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് വഴി ധനം സമാഹരിക്കുകകും അതുപയോഗിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുക എന്നത് ബജറ്റുമായി നേരിട്ട് ബന്ധമുള്ള പ്രക്രിയയേ അല്ല. ആ നിലക്ക് സംസ്ഥാനങ്ങളുടെ ബജറ്റ് എന്നതിന് മുന്‍കാലത്തുണ്ടായിരുന്ന പ്രാധാന്യം നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.

2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള തിരുത്തല്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കാത്തത് മൂലം കാലിയായിപ്പോയ ഖജനാവും സാമ്പത്തിക മാനേജുമെന്റില്‍ കെ എം മാണി കാട്ടിയ കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയും തോമസ് ഐസക്കിന് മുന്നില്‍ വെല്ലുവിളിയായോ മുന്‍കൂര്‍ ജാമ്യമായോ ഉണ്ടായിരുന്നു. പണമില്ലെന്ന് കരുതി വികസന പദ്ധതികള്‍ വേണ്ടെന്നുവെക്കില്ലെന്ന പ്രഖ്യാപനം അന്നും ധനമന്ത്രി നടത്തി. ഇക്കുറി ബജറ്റിന് തയ്യാറെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചത് മൂലമുണ്ടായ വലിയ വരുമാന നഷ്ടവും കൊടും വരള്‍ച്ചയുടെ അന്തരീക്ഷവും ഐസക്കിന് മുന്നിലുണ്ടായിരുന്നു, വെല്ലുവിളിയായോ മുന്‍കൂര്‍ ജാമ്യമായോ. അത് മുന്നില്‍ നില്‍ക്കുമ്പോഴും പണമില്ലെന്ന കാരണത്താല്‍ വികസന പദ്ധതികള്‍ വേണ്ടെന്നുവെക്കില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നു.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് (കിഫ്ബി) തന്നെയാണ് അദ്ദേഹത്തിന്റെ തുരുപ്പുചീട്ട്. അതുവഴി 2016 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് അവകാശപ്പെടുന്ന അദ്ദേഹം 2017 – 18 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടിയുടെ പദ്ധതികള്‍ ഏറ്റെടുക്കുമെന്നാണ് പറയുന്നത്. 3,49,33,832 ലക്ഷമാണ് 2012 -13 വര്‍ഷത്തിലെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം. വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജി ഡി പി ഉയരുക തന്നെയാണ് ചെയ്തിരിക്കുന്നത്. ഏറെക്കുറെ നാല് ലക്ഷം കോടി രൂപയുടെ മൊത്തം ആഭ്യന്തര ഉത്പാദനം പ്രതിവര്‍ഷം കേരളത്തിലുണ്ടാകുന്നുവെന്ന് ചുരുക്കം. ഇതിന്റെ 36 ശതമാനത്തോളം കടവും സംസ്ഥാനത്തിനുണ്ട്. താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട ആരോഗ്യ സ്ഥിതിയാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന്റെ ഗ്യാരണ്ടിയില്‍ 25,000 കോടി രൂപ പ്രതിവര്‍ഷം വിപണിയില്‍ നിന്ന് കടമെടുക്കുക എന്നത് പ്രായോഗികമായി വലിയ വിഷമകരമായ സംഗതിയല്ല തന്നെ. അതുകൊണ്ട് തന്നെ കിഫ്ബിയെ മുന്‍നിര്‍ത്തി വിഭവ സമാഹരണം സാധ്യമാക്കിയെടുക്കാവുന്നതേയുള്ളൂ. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ലക്ഷ്യമിട്ടതിന്റെ അമ്പത് ശതമാനമെങ്കിലും കൈവരിക്കാന്‍ ധനവകുപ്പും ഇതര വകുപ്പുകളും വേണ്ടത്ര ഇച്ഛാ ശക്തി കാട്ടുക എന്നതാണ് പ്രധാനമായ സംഗതി. ഇക്കാര്യത്തില്‍ വലിയ ശങ്കക്ക് മുന്‍കാല അനുഭവങ്ങള്‍ വഴിവെക്കുന്നുണ്ട്.

നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗത്തിനും കിഫ്ബി വഴി പണം കണ്ടെത്തുമെന്ന് പറയുമ്പോള്‍ റവന്യൂ വരുമാനത്തിന്റെയും ധനഉത്തരവാദിത്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ കടമെടുക്കാവുന്ന തുകയുടെയും (മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാവുന്നത്) 90 ശതമാനവും ഭരണച്ചെലവുകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും കടത്തിന്റെ തിരിച്ചടവിനും വേണ്ടി ചെലവിടുമെന്നാണ് അര്‍ഥം. ബാക്കി തുക ക്ഷേമ പെന്‍ഷനുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നീക്കിവെക്കപ്പെടുമെന്നും. സ്വന്തം വരുമാനത്തില്‍ നിന്നുള്ള മിച്ചം വികസന പദ്ധതികള്‍ക്കായി നീക്കിവെക്കുക എന്ന സാധ്യത ഏറെക്കുറെ അടഞ്ഞിരിക്കുന്നു. ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാന്‍ പാകത്തിലുള്ള നടപടികള്‍ക്കൊന്നും ഇടയില്ലാത്ത അവസ്ഥയിലേക്ക് കേരളം ചുരുങ്ങി. 25,000 കോടി രൂപ ബജറ്റിന് പുറത്ത് കടമെടുക്കുമെന്ന് പ്രഖ്യാപിക്കുന്ന ഐസക്കിന്റെ പുതിയ ബജറ്റിലും റവന്യൂ കമ്മി 16,043 കോടി രൂപയാണ്. റവന്യൂ കമ്മി ഇല്ലാതാക്കുന്നതിന് ധന ഉത്തരവാദിത്ത നിയമം നിഷ്‌കര്‍ഷിച്ച സമയപരിധി പലതവണ മാറ്റിയതിന് ശേഷമുള്ള അവസ്ഥയാണിത്. ഇതിനെ മറികടക്കാന്‍ പാകത്തിലുള്ള നിര്‍ദേശങ്ങളൊന്നും ഒരു ദശകത്തിനിടെ അവതരിപ്പിച്ച ബജറ്റുകളിലില്ല, ഇതിലും ഇല്ല.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിലേക്ക് സംഭാവന ചെയ്യേണ്ട മേഖലകള്‍ പ്രധാനമായും കൃഷി, കയര്‍, കൈത്തറി, മത്സ്യം, ഡയറി തുടങ്ങിയ മേഖലകളില്‍ നിന്നാണ്. എന്നാല്‍ ഇവയില്‍ പലതിലും നിലവിലുള്ള അവശത പരിഹരിക്കാനുള്ള ശ്രമങ്ങളോ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ശ്രമങ്ങളോ മാത്രമേ ബജറ്റുകളില്‍ കാണാറുള്ളൂ. ഈ ബജറ്റും വ്യത്യസ്തമല്ല. നെല്ലിന്റെ ഉത്പാദനം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വയലുകളുടെ വിസ്തൃതി വേഗത്തില്‍ കുറയുന്ന സംസ്ഥാനത്ത്, കടുത്ത വരള്‍ച്ചയെക്കൂടി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ അത് എത്രത്തോളം സാധ്യമാണെന്ന സംശയം ബലമുള്ളതാണ്.
തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും പതിവില്‍ നിന്ന് ഭിന്നമായ ചില കാര്യങ്ങളുള്ളത് ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലാണ്. പൗരന്‍മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണവും അത് മുന്‍ നിര്‍ത്തിയുള്ള പ്രതിരോധ – ചികിത്സാ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിക്കലും പ്രധാന അജന്‍ഡയായി എടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ക്ക് സൗജന്യ മരുന്ന് വിതരണം പ്രഖ്യാപിക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ആരോഗ്യ സേവനങ്ങള്‍ ചെലവു കുറഞ്ഞതാക്കുന്നതിനുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനും ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം കാലാനുസൃതമായി പരിഷ്‌കരിക്കുക എന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അതിലേക്കും ശ്രദ്ധ തിരിച്ചിരിക്കുന്നു ഈ ബജറ്റ്. 5257 പുതിയ തസ്തികകള്‍ ആരോഗ്യ മേഖലയില്‍ സൃഷ്ടിക്കാനുള്ള തീരുമാനം അത് സ്വാഗതം ചെയ്യപ്പെടേണ്ടതും നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുമാണ്. ഈ രംഗത്ത് ആരോഗ്യ മന്ത്രി കെ കെ ശൈലജ വേണ്ട ഗൃഹപാഠം ചെയ്തിരിക്കുന്നുവെന്ന് കൂടിയാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ഇതുപോലെ ശ്രദ്ധിക്കപ്പെട്ടത് കുടിെവള്ള വിതരണം സംബന്ധിച്ച പ്രഖ്യാപനങ്ങളായിരുന്നു. പാഴായിപ്പോകുന്ന വെള്ളത്തിന്റെ അളവ്, കേരളത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവോളമുണ്ടെന്നും അത് തടയാന്‍ നടപടിയുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. വകുപ്പ് മന്ത്രിയായ മാത്യു ടി തോമസ് നടത്തിയ ഗൃഹപാഠത്തിന്റെ പ്രതിഫലനമായിരുന്നു അത്. പക്ഷേ, തുടര്‍ നടപടികള്‍ ആഗ്രഹിച്ചതുപോലെ ഉണ്ടായോ എന്നതില്‍ സംശയമുണ്ട്. ആ അവസ്ഥ ആരോഗ്യ മേഖലയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.

മറ്റൊന്ന് വിദ്യാഭ്യാസ മേഖലയാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണ്‍ എയിഡഡ് വിദ്യാലയങ്ങളുമായി മത്സരിക്കാന്‍ പ്രാപ്തമാക്കുകയും അവിടേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും ചെയ്യുക എന്നത് ഗൗരവത്തോടെ എടുത്തിരിക്കുന്നു സര്‍ക്കാര്‍. അതിന്റെ സൂചനകള്‍ ആദ്യ ബജറ്റിലുണ്ടായിരുന്നു. അത് കൂടുതല്‍ ശക്തമായി പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റിലുമുണ്ട്. ഹയര്‍ സെക്കന്‍ഡറി തലം വരെ മാത്രമേ സവിശേഷമായ ഈ ശ്രദ്ധയുള്ളൂവെന്ന പരിമിതിയുണ്ടെങ്കിലും പൊതു വിദ്യാഭ്യാസത്തിന്റെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അടിത്തറയെ ബലപ്പെടുത്തി, മുകളിലേക്ക് നീങ്ങാനുള്ള അവസരമൊരുക്കാന്‍ ഈ ശ്രമങ്ങള്‍ക്ക് സാധിച്ചേക്കും. സര്‍ക്കാറിന്റെ മാത്രം മുന്‍കൈയിലല്ല, മറിച്ച് സന്നദ്ധ സംഘടനകള്‍, അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ തുടങ്ങിയവയെ ഇതുമായി ബന്ധിപ്പിക്കുന്നുവെന്നതും ആശാവഹമാണ്. വിദ്യാഭ്യാസം കുറേക്കൂടി പൊതു ഉത്തരവാദിത്തമായി മാറുന്ന അവസ്ഥയുണ്ടായാല്‍ ഈ മേഖലയിലെ കച്ചവടത്തിന് ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ സാധിച്ചേക്കും.

20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നത് പൗരന്റെ അവകാശമാക്കല്‍ തുടങ്ങിയവ ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തോടെ രൂപപ്പെട്ട പുതിയ “ജാതി” സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ സഹായിച്ചേക്കും. നിലവില്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന കെ എസ് ഇ ബിയെ ഉപയോഗപ്പെടുത്തി കെ ഫോണ്‍ എന്ന ആയിരം കോടിയുടെ പദ്ധതി എത്രമാത്രം പ്രായോഗികമാകുമെന്നതിലേ സംശയമുള്ളൂ. ചുരുങ്ങിയ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം പ്രദാനം ചെയ്യുന്നതില്‍ മത്സരിക്കുന്ന കുത്തക സ്വകാര്യ കമ്പനികളുടെ ഇടയില്‍ എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കേരളത്തിന്റെ സ്വന്തം സേവന ദാതാവിന് സാധിക്കുമെന്ന സംശയം ബാക്കിയായുണ്ട്. തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ വന്‍ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, ഏറ്റെടുക്കലിനോടുള്ള എതിര്‍പ്പ് തുടങ്ങിയ പലവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇടയുണ്ട്. അതിനെയൊക്കെ ഏത് വിധത്തില്‍ കൈകാര്യം ചെയ്യുമെന്നത് പ്രധാനമാണ്.

ഭിന്ന ശേഷിക്കാര്‍, ഓട്ടിസമുള്ള കുട്ടികള്‍, സ്ത്രീകള്‍, പട്ടിക വിഭാഗങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ സവിശേഷമായി പരിഗണിക്കാന്‍ ബജറ്റ് തയ്യാറായിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് വേണ്ട വിഹിതം നീക്കിവെക്കാനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം അനുവദിക്കുന്നതിനൊപ്പം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അവക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കാന്‍ പാകത്തിലുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. വിഭവ സമാഹരണത്തിന്റെ കാര്യത്തില്‍, പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വേണ്ട ഇച്ഛാശക്തിയുണ്ടാകുമോ എന്നതിലൊക്കെ സംശയങ്ങള്‍ ശേഷിക്കുമ്പോഴും “ചോര്‍ന്നു”വെന്ന ആക്ഷേപം നേരിടുന്ന തോമസ് ഐസക്കിന്റെ ബജറ്റ് ഒരു പോസിറ്റീവ് ഫീല്‍ പടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ലെന്നിരിക്കെ ആ പോസിറ്റീവ് ഫീല്‍ പോലും പ്രധാനമാണ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest