വേള്‍ഡ് എക്‌സ്‌പോ വേദിയുടെ നിര്‍മാണം ഗൂഗിള്‍ മാപ്പിലൂടെ കാണാം

Posted on: March 3, 2017 9:58 pm | Last updated: March 3, 2017 at 9:50 pm

ദുബൈ: വേള്‍ഡ് എക്‌സ്‌പോ വേദിയുടെ നിര്‍മാണ പുരോഗതി ഇനി ജനങ്ങള്‍ക്ക് വീക്ഷിക്കാം. ഗൂഗിള്‍ മാപ് ഉപഗ്രഹ ചിത്രങ്ങള്‍ വഴിയാണീ സൗകര്യം. ദുബൈ സൗത്തില്‍ 438 ഹെക്ടറിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 2,500 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കുള്ള പവലിയനുകള്‍ക്ക് പശ്ചാതല സൗകര്യം ഒരുക്കുക എന്നതാണ് പ്രധാന ജോലി.

ഇവിടേക്ക് മെട്രോ റെയില്‍ പാത, റോഡ് എന്നിവ വേറെ. പവലിയനുകള്‍ ഉള്‍പെടുന്ന എക്‌സ്‌പോ വില്ലേജിന്റെ നിര്‍മാണം 2018 ഏപ്രിലില്‍ പൂര്‍ത്തിയാകും. ഇതിന് 130 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് നിര്‍മാണം. എക്‌സ്‌പോ വില്ലേജിന്റെ നിര്‍മാണം ത്വരിത ഗതിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ജലവിതരണം, മലിനജല നീക്കം, വൈദ്യുതി, ടെലികോം കേബിള്‍ എന്നിവയാണ് പ്രഥമ ഘട്ടത്തിലുള്ളത്.

രണ്ടാംഘട്ടം ചുറ്റുമതില്‍ നിര്‍മാണമാണ്. വില്ലേജില്‍ നിന്ന് 47 ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്തു. 1,800 ഒളിമ്പിക് നീന്തല്‍ കുളം നികത്താന്‍ മതിയാകുന്ന മണലാണിത്. 2019 ഒകേ്‌ടോബറില്‍ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 2020 ഒക്‌ടോബറില്‍ എക്‌സ്‌പോ തുടങ്ങും. ആറ് മാസം നീണ്ടു നില്‍ക്കും. രണ്ട് കോടി സന്ദര്‍ശകരെത്തും.