ദുബൈ വിമാനത്താവളത്തില്‍ ലഗേജ് നിയന്ത്രണം

Posted on: March 3, 2017 9:45 pm | Last updated: March 3, 2017 at 9:40 pm

ദുബൈ: ഈ മാസം എട്ടു മുതല്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലഗേജ് നിയന്ത്രണം. ലഗേജ് ചുരുട്ടിക്കെട്ടി കൊണ്ടുപോകാന്‍ അനുവദിക്കില്ല.

അമിത വലിപ്പം പാടില്ല. പരന്ന പ്രതലമുള്ള പെട്ടികളിലായിരിക്കണം സാധനങ്ങളെന്നും ടെര്‍മിനല്‍ ഓപറേഷന്‍ വൈസ് പ്രസിഡന്റ് അലി അംഗീസേ വ്യക്തമാക്കി. അമിത വലുപ്പവും അസാധാരണ അളവും മറ്റും കയറ്റിറക്കങ്ങളില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് അലി ചൂണ്ടിക്കാട്ടി. ഇത്തരം ലഗേജുകള്‍ വിമാനത്താവളത്തില്‍ അഴിപ്പിച്ച് പെട്ടിയിലാക്കി നല്‍കും. ഇതിന് പണമീടാക്കും. വൃത്താകൃതിയിലുള്ള ബാഗുകള്‍ക്കും നിയന്ത്രണം ബാധകമാണ്. അവ ചെക്കിന്‍ ചെയ്യില്ല. 140 കിലോമീറ്റര്‍ ചുറ്റളവിലാണ് ദുബൈ വിമാനത്താവളത്തില്‍ ബാഗേജ് നീക്കം നടക്കുന്നത്. ലോകത്തിലെ വലിയ ഹാന്‍ഡ്‌ലിംഗ് സംവിധാനമാണിത്. ഈ വര്‍ഷം ജനുവരിയില്‍ 93 ലക്ഷം ലഗേജുകള്‍ കൈകാര്യം ചെയ്തു. ഒരു ബാഗേജ് കൈകാര്യം ചെയ്യാന്‍ 29 മിനിറ്റാണ് വേണ്ടത്.

കൂടുതല്‍ വലുപ്പത്തില്‍ കയറുകൊണ്ടും മറ്റും കെട്ടിക്കൊണ്ടുവരുന്ന ഇത്തരം ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകളില്‍ കുടുങ്ങുന്നതും യഥാസമയം ലോഡ് ചെയ്യാനാകാത്തതും കണക്കിലെടുത്താണു നടപടി. വിമാനം വൈകുന്നതിനു വരെ ഇതു കാരണമാകുന്നു. സാങ്കേതികത്തകരാറിനും സമയനഷ്ടത്തിനും ഇവ ഇടയാക്കുന്നതായി അലി അംഗീസെ പറഞ്ഞു. ഈ മാസം എട്ടുമുതല്‍ ഇത്തരം ബാഗേജുകള്‍ പിടികൂടുകയും നിശ്ചിത ഫീസ് വാങ്ങി രണ്ടാമത് പാക്ക് ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യാനാണു തീരുമാനം.