Connect with us

Gulf

ഖത്വറില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനായിരം തൊഴിലുകള്‍

Published

|

Last Updated

യൂസുഫ് മുഹമ്മദ്
അല്‍ ജെയ്ദ

ദോഹ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനായിരം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യു എഫ് സി). 2022ഓടെ ബോര്‍ഡ് കമ്പനികളുടെ എണ്ണം നിലവിലെ 340ല്‍ നിന്ന് ആയിരമാക്കാന്‍ പദ്ധതിയുണ്ടെന്നും ക്യു എഫ് സി. സി ഇ ഒ യൂസുഫ് മുഹമ്മദ് അല്‍ ജെയ്ദ പറഞ്ഞു. ഖത്വര്‍ ബിസിനസ്‌മെന്‍ അസോസിയേഷന്‍ പ്രതിനിധികള്‍, മാള്‍ട്ടയില്‍ നിന്നുള്ള വ്യാപാര പ്രമുഖര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തി പ്രാദേശിക വിപണി വിപുലീകരിക്കാനും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താനും ലക്ഷ്യമുണ്ട്. ഇതിലൂടെ സര്‍ക്കാറിന്റെ വരുമാനം വൈവിധിവത്കരിക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം എണ്ണ- വാതകയിതര മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിരുന്നു. 2014ല്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 31 ശതമാനം (66 ബില്യന്‍ ഡോളര്‍) സ്വകാര്യ മേഖലയില്‍ നിന്നായിരുന്നു. 2011ല്‍ എണ്ണ- വാതകയിതര മേഖലയുടെ ജി ഡി പിയിലേക്കുള്ള സംഭാവന 42 ശതമാനമായിരുന്നു. മാര്‍ച്ച് അവസാനം പുറത്തു വരുന്ന 2016 സാമ്പത്തിക വര്‍ഷത്തെ കണക്കില്‍ ഇത് 62 ആകുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ അടിസ്ഥാന വികസന സൗകര്യ മേഖലയില്‍ മാള്‍ട്ട വ്യവസായികള്‍ക്ക് വന്‍ നിക്ഷേപ അവസരങ്ങളാണുള്ളത്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഗതാഗത മേഖലയില്‍ മാത്രം 71 ബില്യന്‍ ഡോളറിന്റെ പദ്ധതികളാണുള്ളത്. 21 ബില്യന്‍ ഡോളറിന്റെ ദോഹ മെട്രോ, 20 ബില്യന്‍ ഡോളറിന്റെ എക്‌സ്പ്രസ് വേ തുടങ്ങിയവ വലിയ നിക്ഷേപ അവസരങ്ങളാണ് നല്‍കുന്നത്. ലോകകപ്പിനായി ഒരുക്കുന്ന അല്‍ ബെയ്ത്, അല്‍ റയ്യാന്‍, അല്‍ വക്‌റ സ്റ്റേഡിയങ്ങള്‍ക്കായി അടുത്ത വര്‍ഷം നാല് ബില്യന്‍ ഡോളറിന്റെ കരാറുകള്‍ നല്‍കും. ലോകോത്തര നിയമ സംവിധാനം, സമഗ്ര നിയമനിര്‍മാണം, മെച്ചപ്പെട്ട നിയന്ത്രണങ്ങള്‍, കാര്യക്ഷമമായ പ്രവര്‍ത്തന വേദി തുടങ്ങിയവ ക്യു എഫ് സി കമ്പനികള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ചിലതാണെന്നും ജെയ്ദ പറഞ്ഞു.

 

Latest