ബജറ്റ് ചോര്‍ച്ച: ധനമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; ചീഫ് സെക്രട്ടറിയോട് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി

Posted on: March 3, 2017 7:28 pm | Last updated: March 4, 2017 at 10:24 am

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസകിന്റെ അഡീ.െ്രെപവറ്റ സെക്രട്ടറി മനോജ് കെ. പുതിയവിളയെ മാറ്റി. ഇതിനിടെ ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ബജറ്റ് വിവരങ്ങള്‍ ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ചോര്‍ന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണര്‍ പി. സദാശിവവുമായി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് ഭരണഘടനാപരമായ വീഴ്ചയാണെന്നും ഗവര്‍ണര്‍, സ്പീക്കര്‍, മുഖ്യമന്ത്രി എന്നിവര്‍ ഇടപെട്ട് തോമസ് ഐസക്കിനോട് ധനമന്ത്രി സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഗവര്‍ണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.

ഇതിനിടെ ബജറ്റ് അവതരണത്തിനു മുന്‍പ് ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്ന സംഭവം പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്നു വിലയിരുത്തിയാണ് പാര്‍ട്ടി നടപടി. ബജറ്റു വിവരങ്ങള്‍ ചോര്‍ന്ന സംഭവം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് ധനമന്ത്രിക്കു വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള പാര്‍ട്ടി തീരുമാനം.

ഡോ.തോമസ് ഐസക്കിന്റെ പ്രസംഗം മുക്കാല്‍ഭാഗവും പൂര്‍ത്തിയാക്കിയപ്പോഴാണ് , ബജറ്റ് ചോര്‍ന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ധനമന്ത്രി നിയമസഭയില്‍ അതരിപ്പിക്കും മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ബജറ്റ് വിശദാംശങ്ങള്‍ വന്നുവെന്നും ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ചോര്‍ന്നതെന്നും ബഹളത്തിനിടെ പ്രതിപക്ഷനേതാവ് പറഞ്ഞു. സ്പീക്കറും ധനമന്ത്രിയും മുഖ്യമന്ത്രിയും ഒന്ന് അമ്പരെന്നെങ്കിലും ,ഉടന്‍ വിശദീകരണവുമായി എത്തി. ഇതിനിടെ നിയമസഭാ മീഡിയാ റൂമില്‍ പ്രതിപക്ഷം സമാന്തര ബജറ്റവതരണം തുടങ്ങി. ഇന്ന് രാവിലെ ഒരുദിനപത്രത്തിലും ബജറ്റ് വിശദാംശങ്ങള്‍ വന്നുവെന്നും, ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.