ബജറ്റ് പ്രസംഗം സോഷ്യല്‍ മീഡിയില്‍ ചോര്‍ന്നെന്ന് പ്രതിപക്ഷം; പിന്നീട് വിശദീകരിക്കാമെന്ന് ധനമന്ത്രി

Posted on: March 3, 2017 11:48 am | Last updated: October 30, 2017 at 8:43 am

തിരുവനന്തപുരം: ബജറ്റ് പ്രസംഗം അവതരിപ്പിച്ചുകൊണ്ടിരിക്കെ സോഷ്യല്‍ മിഡിയില്‍ ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് അവതരണം അല്‍പസമയം തടസ്സപ്പെട്ടു. ധനമന്ത്രി പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബജറ്റ് സോഷ്യല്‍ മീഡിയ വഴി ചോര്‍ന്നതായി ആരോപണമുന്നയിച്ചത്. തുടര്‍ന്ന് ഇതിന്റെ കോപ്പി അദ്ദേഹം സഭയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതോടെ പ്രസംഗം പൂര്‍ണമായും തടസ്സപ്പെടുന്ന സ്ഥിതിയായി.

ഈ സമയം മുഖ്യമന്ത്രി പിണറായ വിജയന്‍ എഴുന്നേറ്റ് നിന്ന് വിഷയത്തില്‍ പ്രതികരണം അറിയിച്ചു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്നും എന്നാല്‍ ബജറ്റ് സര്‍ക്കാര്‍ ചോര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോര്‍ന്നുവെങ്കില്‍ അത് ഗൗരവത്തില്‍ എടുത്ത് അന്വേഷിക്കുമെന്നും എന്നാല്‍ ഇതുവരെ വായിച്ച ബജറ്റ് പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത് എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. തുടര്‍ന്ന് എന്താണ് നടന്നതെന്ന് അറിയില്ലെന്നും വിഷയം മനസ്സിലാക്കിയ ശേഷം പിന്നീട് വിശദീകരിക്കാമെന്നും ധനമന്ത്രി പറഞ്ഞു. ഇതുകൊണ്ടും തൃപ്തികരമാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി പ്രസംഗം തുടര്‍ന്നു. ഈ സമയം നിയമസഭയുടെ മീഡിയാ റൂമില്‍ പത്രസമ്മേളനം വിളിച്ച് രമേശ് ചെന്നിത്തല ചോര്‍ന്ന ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.