Connect with us

Gulf

അനാശാസ്യം; സ്ത്രീയുള്‍പെടെ മൂന്നു പേര്‍ക്ക് മൂന്ന് വര്‍ഷം തടവ്‌

Published

|

Last Updated

ദുബൈ: ദേര നായിഫില്‍ അനാശാസ്യകേന്ദ്രം നടത്തിയ കേസില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് പെണ്‍കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് പണം സമ്പാദിച്ചതാണ് ഇവരുടെ പേരിലുള്ള കുറ്റം. പ്രതികളിലൊരാള്‍ ഇന്ത്യന്‍ വ്യാപാരിയും ഇയാളുടെ കൂട്ടാളികളായ സ്ത്രീയും മറ്റൊരാളുമാണ്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പതിനെട്ടിന് താഴെ പ്രായമുള്ള രണ്ട് ബംഗ്ലാദേശി പെണ്‍കുട്ടികളെ വീട്ടുജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിച്ച ശേഷം നായിഫിലെ മുറിയില്‍ പൂട്ടിയിട്ടു. ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. പ്രായം തികയാത്തതിനാല്‍ വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കാന്‍ വേണ്ടി പെണ്‍കുട്ടികളില്‍ നിന്ന് 600 ദിര്‍ഹം വാങ്ങിയ ശേഷമായിരുന്നു 1,200 ദിര്‍ഹം പ്രതിമാസ ശമ്പളത്തിന് വീട്ടുജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരെ ദുബൈയിലെത്തിച്ചത്.

ഇതിലൊരു പെണ്‍കുട്ടി രോഗിയായ പിതാവിന് മരുന്നു വാങ്ങാനുള്ള പണം സമ്പാദിക്കാനായിരുന്നു യുഎഇയിലേക്ക് വരാന്‍ തയ്യാറായത്. വിമാനത്താവളത്തില്‍ നിന്ന് തങ്ങളെ നേരെ നായിഫിലെ ഫഌറ്റിലേക്ക് കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് പാസ്‌പോര്‍ട്ട് പിടിച്ചുവച്ച ശേഷം അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയാരുന്നുവെന്ന് പെണ്‍കുട്ടികള്‍ കോടതിയെ ബോധിപ്പിച്ചു.12 ബോട്ടില്‍ മദ്യം കൈവശം വെച്ചതിനും 26കാരിയെ കൂടെ പാര്‍പ്പിച്ചതിനും 46 കാരനായ ഇന്ത്യക്കാരന് 52,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്.
വിവരം ലഭിച്ചതനുസരിച്ച് ഇവരുടെ ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. പ്രതികളുടെ മേല്‍ മനുഷ്യക്കടത്തിനുള്ള കുറ്റവും ചുമത്തിയിട്ടുള്ളതായി ജഡ്ജി ഇര്‍ഫാന്‍ ഉമര്‍ പറഞ്ഞു.

Latest