കാണാതായ വൃദ്ധയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

Posted on: March 2, 2017 12:08 am | Last updated: March 2, 2017 at 12:08 am

ചങ്ങരംകുളം: ശിവരാത്രി ദിവസം കാണാതായ വൃദ്ധയെ പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പന്താവൂരില്‍ താമസിക്കുന്ന പരേതനായ കുട്ടാണിയുടെ ഭാര്യ മേലേപുരക്കല്‍ ജാനകി (75) യെയാണ് പന്താവൂര്‍ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 24ന് വൈകീട്ടാണ് ജാന കിയെ കാണാതായത്. നാട്ടുകാരും വീട്ടുകാരും അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതേത്തുടര്‍ന്ന് ചങ്ങരംകുളം പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി.
അതിനിടെയാണ്, ഇന്നലെ രാവിലെ തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേര്‍ന്ന പന്താവൂര്‍ പാലത്തിന് സമീപം വീടിനടുത്തുള്ള പാടത്ത് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ ജാനകിയുടെ മൃതദേഹം കണ്ടെത്തിയത്.

പശുവിനെ കെട്ടാന്‍ വന്നവരാണ് മൃതദേഹം കണ്ടത്. കൈകാലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട് അഴുകിയ നിലയിലായിരുന്നു മൃതദേഹം. എസ് ഐ. കെ പി മനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മുരളി, അജിത അനിത എന്നിവര്‍ മക്കളാണ്.