അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍ ഇനി ശിക്ഷ

Posted on: March 2, 2017 7:05 am | Last updated: March 2, 2017 at 12:07 am

ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ കൈവശം വെച്ചാല്‍ ഇനിമുതല്‍ ശിക്ഷ ലഭിക്കും. ഇവ കൈവശം വെക്കുന്നത് നിരോധിച്ചുള്ള’സ്‌പെസിഫൈഡ് ബേങ്ക് നോട്ട്‌സ് ആക്ടില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായി. ഇതുമായി ബന്ധപ്പെട്ട ബില്‍ കഴിഞ്ഞ സമ്മേളനത്തില്‍ പാര്‍ലിമെന്റ് പാസ്സാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ബില്‍ നിയമമാക്കുന്നതിനുള്ള അംഗീകാരം നല്‍കിയത്.
അസാധു നോട്ടുകള്‍ കൈവശം വെക്കുന്ന പക്ഷം 50,000 രൂപയോ പിടിക്കപ്പെട്ട പണത്തിന്റെ അഞ്ചിരട്ടിയോ, എതാണോ കൂടുതല്‍ അത് പിഴയായി അടക്കണമെന്നാണ് നിയമം.

പത്തില്‍ കൂടുതല്‍ നോട്ടുകള്‍ വ്യക്തികള്‍ കൈവശംവെക്കുന്ന പക്ഷമോ പഠനാവശ്യത്തിനായി 25ലധികം നിരോധിക്കപ്പെട്ട നോട്ടുകള്‍ കൈവശം വെക്കുന്ന പക്ഷമോ പിഴയീടാക്കും. അതേസമയം, രാജ്യത്തെ എന്‍ ആര്‍ ഐ പൗരന്മാര്‍ അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് നിരോധിക്കപ്പെട്ട നോട്ടുകള്‍ ആര്‍ ബി ഐ കേന്ദ്രങ്ങളില്‍ നിന്ന് ഈ മാസം 31വരെ മാറ്റിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 500, 1000 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്.