Connect with us

National

രാജ്യദ്രോഹക്കുറ്റം: കന്‍ഹയ്യക്കെതിരെ തെളിവില്ലെന്ന് പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെയുള്ള കേസ് നിലനില്‍ക്കില്ല. കന്‍ഹയ്യക്കെതിരായ കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.
കേസ് ചുമത്തി ഒരു വര്‍ഷത്തിന് ശേഷം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് കന്‍ഹയ്യയെ സംഭവുമായി ബന്ധപ്പെടുത്താന്‍ പറ്റുന്ന തെളിവുകളില്ലെന്ന് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, കന്‍ഹയ്യക്കൊപ്പം കുറ്റം ചുമത്തിയ ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹം തന്നെയാണ് പോലീസ് കുറ്റപത്രത്തില്‍ ചാര്‍ത്തിയിരിക്കുന്നത്.

2016 ഫെബ്രുവരി ഒമ്പതിന് ജെ എന്‍ യു ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി 40 വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക് പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത്. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ പരിപാടി ആസൂത്രണം ചെയ്തത് ഉമര്‍ഖാലിദാണ്. 140 പേരുള്ള പ്രതിഷേധ സംഘത്തില്‍ പുറത്ത് നിന്നുള്ള ഒമ്പത് പേരും പങ്കാളികളായിട്ടുണ്ട്. ഇവര്‍ എല്ലാവരും കശ്മീരില്‍ നിന്നുള്ളവരാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജെ എന്‍ യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ സംഗമം നടന്നത്. ഇതില്‍ പങ്കെടുത്തവര്‍ രാജ്യവിരുദ്ധ മുദ്രാവാക്ക്യം ഉയര്‍ത്തിയെന്ന് സംഘപരിവാര്‍ സംഘടനകളും ചില മാധ്യമങ്ങളും ആരോപണമുയര്‍ത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.