Connect with us

International

കിം ജോംഗ് നാം വധം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

കിം ജോംഗ് നാമിനെ വധിച്ച കേസിലെ പ്രതിയെ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു

ക്വലാലംപൂര്‍: ഉത്തര കൊറിയന്‍ നേതാവിന്റെ അര്‍ധ സഹോദരന്‍ കിം ജോംഗ് നാം കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതരായ രണ്ട് സത്രീകള്‍ കോടതിയില്‍ ഹാജരായി. പ്രതികള്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. ക്വലാലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞ മാസം 13നാണ് കിം കൊല്ലപ്പെടുന്നത്. വിയറ്റ്‌നാംകാരിയായ ഡോണ്‍ തി ഹ്യോങ് , ഇന്തോനേഷ്യക്കാരിയായ സിതി അയിഷ എന്നിവര്‍ ചേര്‍ന്ന് വി എക്‌സ് എന്ന മാരക വിഷം കിംമിന്റെ മുഖത്ത് തേക്കുകയായിരുന്നുവെന്നാണ് കേസ്.

ഇരുവരേയും പ്രത്യേക സുരക്ഷയില്‍ മലേഷ്യന്‍ തലസ്ഥാനത്തെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്കെതിരായ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷതന്നെ ലഭിച്ചേക്കാം. പ്രതികള്‍ക്കെതിരായ കുറ്റം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ , എനിക്ക് മനസ്സിലായെന്നും എന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും ഡോണ്‍ ഇംഗ്ലീഷില്‍ കോടതിയില്‍ പറഞ്ഞു. കിംമിന്റെ കൊലക്ക് പിന്നില്‍ ഉത്തര കൊറിയയാണെന്ന് വ്യാപകമായി വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഉത്തര കൊറിയ ഇക്കാര്യം നിഷേധിക്കുകയാണ്.
ഉത്തര കൊറിയ ഭരണകൂടത്തെ തുറന്ന് വിമര്‍ശിക്കുന്നയാളായിരുന്നു കിം. കേസ് ഏപ്രില്‍ 13ന് വീണ്ടും പരിഗണിക്കും. ഉന്നത കോടതിയില്‍ കേസ് വിചാരണ ചെയ്യാന്‍ പ്രോസിക്യൂട്ടര്‍മാര്‍ അപേക്ഷ സമര്‍പ്പിക്കും.
അയിഷക്കെതിരായ കുറ്റമാണ് ആദ്യം കോടതിയില്‍ വായിച്ചത്. തുടര്‍ന്ന് ഹ്യോങിന്റേതും. ഇരുവരെയും കൈയാമം വെച്ചാണ് കോടതിയില്‍ ഹാജരാക്കിയത്.

Latest