Connect with us

Editorial

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആശങ്കകള്‍

Published

|

Last Updated

ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാല, ജെ എന്‍ യു എന്നിവക്ക് പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലും ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സ്ഥാപനത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും സംവാദത്തിനുമുള്ള അവസരം സൃഷ്ടിക്കുക, എ ബി വി പിയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച സര്‍വകലാശാലയില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂറ്റന്‍ റാലി നടക്കുകയുണ്ടായി. ഡല്‍ഹി രാംജാസ് കോളജ് സെമിനാറില്‍ ജെ എന്‍ യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഷെഹഌറാശിദ് ഷോറ എന്നിവരെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു എ ബി വി പിയാണ് ഇവിടെ കുഴപ്പത്തിന് തുടക്കമിട്ടത്. ഡല്‍ഹി നോര്‍ത്ത് സര്‍വകലാശാല യില്‍ അവര്‍ നടത്തിയ അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സെമിനാറും എ ബി വി പി തടസ്സപ്പെടുത്തി. തുടര്‍ന്നു എ ബി വി പിയുടെ ഗുണ്ടായിസത്തിനെതിരെ കാര്‍ഗിലില്‍ രക്തസാക്ഷിത്വം വഹിച്ച സൈനികന്റെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുമായ ഗുല്‍മെഹര്‍ കൗര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ എ ബി വി പിയും കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു, പ്രതാപ് സിംഹ എം പി തുടങ്ങിയ ബി ജെ പി നേതാക്കളും അവര്‍ക്ക് നേരെ തിരിയുകയായിരുന്നു. കൗറിനെ ബലാത്സംഗം ചെയ്തു കൊല്ലുമെന്നായിരുന്നു എ ബി വി പിയുടെ ഭീഷണി. അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമുമായാണ് കേന്ദ്ര മന്ത്രി കൗറിനെ ഉപമിച്ചത്.

സംവാദങ്ങളും തുറന്ന അഭിപ്രായ പ്രകടനങ്ങളും ഉന്നത കലാലയങ്ങളില്‍ സ്വാഭാവികമാണ്. അക്കാദമിക സ്വാതന്ത്യവും വിദ്യാര്‍ഥികളില്‍ ഉയര്‍ന്നു വരുന്ന വ്യത്യസ്ത ചിന്താഗതികള്‍ തുറന്നു പറയാനുള്ള സാഹചര്യവും വിദ്യാഭ്യാസ അവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. സര്‍വകലാശാലകളില്‍ നടക്കുന്ന പഠനങ്ങള്‍ നിലവിലുള്ള ബൗദ്ധിക സാമൂഹിക പാരമ്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പോലും അത് തുടരാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല ദ്വിശതാബ്ദി വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെ ഡോ. മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നയങ്ങള്‍ നടപ്പാക്കുകയും ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം എ ബി വി പിയെ ഇതിനുള്ള ആയുധമായി ഉപയോഗിക്കുകയാണ്.
വിയോജിപ്പുകളെയും സമാധാനപരമായ പ്രതിരോധങ്ങളെയും എല്ലാവിധ ഭരണകൂടോപാധികളും ഉപയോഗിച്ചാണ് അടിച്ചമര്‍ത്തുന്നത്. വര്‍ഗീയ ഫാസിസത്തെ എതിര്‍ക്കുകയും ഗവണ്‍മെന്റിന്റെ വികല നയങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. വിയോജിപ്പിന്റെ ശബ്ദം മുഴക്കുന്ന വിദ്യാര്‍ഥികളെ പോലീസിനെയും ആര്‍ എസ് എസുകാരെയും വിട്ട് തല്ലിച്ചതക്കുന്നു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വേട്ടയാടപ്പെട്ടു.

മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാലക്ക് മേല്‍ സമ്മര്‍ദം ചെലുത്തി രോഹിത് വെമുലയെയും സുഹൃത്തുക്കളെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും അവരുടെ സ്‌കോളര്‍ഷിപ്പ് തടയുകയും ചെയ്തു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് വ്യാജാരോപണം നടത്തി കനയ്യകുമാറിനും സുഹൃത്തുക്കള്‍ക്കും മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി. ജനാധിപത്യപരമായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് ഉമര്‍ ഖാലിദും എസ് എ ആര്‍ ഗീലാനിയും രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ പോകേണ്ടി വന്നു. ഇടതുരാഷ്ട്രീയത്തെയും കീഴാളരാഷ്ട്രീയത്തെയും ക്യാമ്പസുകളില്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മോദി സര്‍ക്കാറും സംഘ്പരിവാറും. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഭീഷണി നേരിടുന്നുവെന്നാണ് രാജ്യത്തെ സര്‍വകലാശാലകളിലെ ഈ സംഭവവികാസങ്ങളെ വിലയിരുത്തിയ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടത്.

ദേശീയത സംരക്ഷിക്കാനെന്ന പേരിലാണ് സര്‍ക്കാറും സംഘ്പരിവാറും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിമുറുക്കി വിദ്യാര്‍ഥി സമൂഹത്തിന്റെ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളിലും ആവിഷ്‌കാരങ്ങളിലും ഇടപെടുന്നത്. പിന്നാക്ക, ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കി സവര്‍ണ മേധാവിത്വം സ്ഥാപിക്കുകയും ഇന്ത്യന്‍ ദേശീയതയെ നശിപ്പിച്ചു ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുകയെന്ന ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുകയുമാണ് ഇതുവഴി മോദി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഈ ആപത്കരമായ നീക്കത്തെക്കുറിച്ച് വിദ്യാര്‍ഥി സമൂഹത്തിന്റെയും യുവതലമുറയുടെയും ആശങ്കയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിരോധത്തിന്റെ പ്രേരകം. അത് കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. ഈ പോരാട്ടത്തിന് മതേതര ഇന്ത്യയുടെ കലവറയില്ലാത്ത പിന്തുണയും പ്രോത്സാഹനവും അവര്‍ക്കുണ്ടാകണം. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. വര്‍ഗീയ ഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരായ പോരാട്ടത്തിലും സമാനമായ പങ്ക് അവര്‍ക്ക് വഹിക്കാനുണ്ട്.

---- facebook comment plugin here -----

Latest