Connect with us

Kannur

അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകം

Published

|

Last Updated

കണ്ണൂര്‍: അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നതായി ആക്ഷേപം. അക്ഷയ കേന്ദ്രങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് ആക്ഷേപം. 10,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഫ്രാഞ്ചൈസി വാങ്ങി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും ഇ -മൈത്രി , സേവിക, സേവന, ആശ്രയ എന്നീ വിവിധ പേരുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അസോസിയേഷന്‍ ഓഫ് ഐ ടി എംപ്ലോയീസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ജനങ്ങളുടെ വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായും വരുന്ന വ്യക്തികളുടെ ആധാര്‍ നമ്പറിന്റെ വിവരം വെച്ച് അവരറിയാതെ മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുവെന്ന പരാതിയുയരുന്നതായും ഇവര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി ലഭിച്ചിട്ടുണ്ട്.
യഥാര്‍ഥത്തില്‍ റവന്യു വകുപ്പിന്റെ 23 തരം സര്‍ട്ടിഫിക്കറ്റുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങളും നല്‍കുന്നതിനായാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് 2,800 അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വ്യക്തമായ രജിസ്‌ട്രേഷനോ പരിശോധനകളോ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐ ടി ആക്റ്റ് പ്രകാരം നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും ഭാരവാഹികളായ കെ കെ ദീപക്, എം സതീശന്‍ , വി സന്തോഷ്, എം പി സത്യപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

Latest