നവോത്ഥാനത്തിന്റെ യഥാര്‍ഥ ചരിത്രം തമസ്‌കരിക്കപ്പെട്ടു: കാന്തപുരം

Posted on: March 1, 2017 11:17 pm | Last updated: March 1, 2017 at 11:25 pm

തൃശൂര്‍: മത പണ്ഡിതന്മാരാണ് എക്കാലത്തും സമൂഹത്തെ മുന്നില്‍ നിന്ന് നന്മയിലേക്ക് നയിച്ചതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തൃശൂരില്‍ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മതബോധനത്തിന്റെ കാര്യത്തില്‍ കാലത്തിനനുസരിച്ച് ശൈലീമാറ്റം ആവശ്യമാണ്. സാങ്കേതിക വിദ്യയും മറ്റു സൗകര്യങ്ങളും വര്‍ധിക്കുന്നതിനനുസരിച്ച് അധ്യാപന ശൈലിയും മാറ്റണം. എന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതത് കാലഘട്ടങ്ങളില്‍ അനിവാര്യമായത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. പണ്ഡിതന്മാര്‍ക്ക് ഗഹനമായ പരിശീലനം നല്‍കി സജ്ജമാക്കുകയാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. സമ്മേളനത്തിലെ ക്ലാസുകളും ചര്‍ച്ചകളും ക്രോഡീകരിച്ച് സമാപന ദിവസം നടക്കുന്ന ബഹുജന സമ്മേളനത്തില്‍ വെച്ച് പൊതുജനങ്ങളെ അറിയിക്കും.
കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ഥ ചരിത്രം തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നിന്ന കേരളത്തിലെ പാരമ്പര്യ ഉലമാഇന്റെ സംഭാവനകളെ മറച്ച് വെക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ ഞങ്ങള്‍ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ഥ ചരിത്രം പൊതുസമൂഹത്തിന് ബോധ്യപ്പെടുത്താനുള്ള ആലോചനയുടെ ഭാഗം കൂടിയാണ് ഈ വിഷയം സമ്മേളന പ്രമേയമായി തിരഞ്ഞെടുത്തത്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഭീതിസൃഷ്ടിക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നു. അതേസമയം ഇസ്‌ലാമിന്റെ പേരിലും ഭീകരവാദവും തീവ്രവാദവും പ്രചരിപ്പിച്ച് യഥാര്‍ഥ മത വിശ്വാസത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം എങ്ങനെയായിരിക്കണമെന്ന ചര്‍ച്ച ഫിഖ്ഹ് സെമിനാറില്‍ വരുന്നത് ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ്.
ഇസ്‌ലാമിന്റെ പഴയ കാല നാഗരികത, ശാസ്ത്ര-സാമൂഹിക- സാഹിത്യ രംഗങ്ങളിലുള്ള പഴയ കാല പണ്ഡിത പ്രതിഭകളുടെ സംഭാവനകള്‍, പുതിയ പണ്ഡിത നേതൃത്വത്തിന് ഇത് വീണ്ടെടുക്കാനുള്ള ഗഹനമായ ചര്‍ച്ചകള്‍ എന്നിവയിലേക്ക് വഴിതുറക്കുന്നതാണ് ‘ഉലമാ ആക്ടിവിസം വീണ്ടെടുപ്പിന്റെ വഴികള്‍’ എന്ന വിഷയത്തിലെ സംവാദം-കാന്തപുരം ചൂണ്ടിക്കാട്ടി.