പള്ളിക്കല്‍ ബസാര്‍ ആക്രമണം; ലീഗ് – ചേളാരി ഗുണ്ടകളുടെ ജാമ്യാപേക്ഷ കോടതി വീണ്ടും നീട്ടി

Posted on: March 1, 2017 3:30 pm | Last updated: March 1, 2017 at 3:53 pm

മഞ്ചേരി: പള്ളിക്കല്‍ ബസാര്‍ ജുമുഅ മസ്ജിദില്‍ നിസ്‌കരിക്കാനെത്തിയ വിശ്വാസികളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ലീഗ്, ചേളാരി വിഭാഗം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഞ്ചേരി ജില്ലാ കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുസ്തഫ, അബ്ദുല്‍ അസീസ്, ടി റഫീഖ്, ഹസ്സന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് നീട്ടിയത്. തിങ്കളാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അന്യായക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിശദമായ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് പരിഗണിച്ചപ്പോഴും അന്യായക്കാരുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തതോടെ വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടി ജില്ലാ ജഡ്ജി ജസ്റ്റിസ് വാസന്‍ ഉത്തരവിടുകയായിരുന്നു. ഹർജി ഇൗ മാസം ഏഴിന് വീണ്ടും പരിഗണിക്കും.

പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് വീണ്ടും സംഘര്‍ഷത്തിന് കാരണമാകുമെന്ന് സി കെ സുബൈര്‍ അടക്കമുള്ള അന്യായക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഒ കെ തങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും നീട്ടുകയായിരുന്നു.

2016 ഡിസംബര്‍ 14ന് മഗ്‌രിബ് നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ 70ഓളം വരുന്ന ലീഗ്, ചേളാരി ഗുണ്ടകള്‍ കത്തി, പട്ടിക, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പള്ളിയില്‍ മുന്‍കൂട്ടി കരുതിവെച്ച മാരാകായുധങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചത്. എപി, ചേളാരി വിഭാഗം സുന്നികള്‍ സംയുക്തമായി ഭരണം നടത്തിവന്ന മഹല്ലില്‍ ചേളാരി വിഭാഗം മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പള്ളി പിടിച്ചടക്കാന്‍ ശ്രമിച്ചതാണ് പള്ളിക്കല്‍ ബസാറിലെ പ്രശ്‌നങ്ങളുടെ തുടക്കം.