വിദ്യാര്‍ഥിനികള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം; കോളജ് അധ്യാപകര്‍ക്കെതിരെ കേസ്

Posted on: March 1, 2017 8:57 am | Last updated: March 1, 2017 at 12:59 am

ഹൈദരാബാദ്: വിദ്യാര്‍ഥിനികള്‍ക്ക് വാട്‌സ്ആപ്പ് വഴി അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ച രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്കും എന്‍ജിനീയറിംഗ് കോളജ് ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തു. ഹൈദരാബാദിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലുണ്ടായ സംഭവത്തില്‍ രചകോന്ദ പോലീസാണ് കേസെടുത്തത്.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം അധ്യാപകരായ സൈദി റെഡ്ഡി, ഗോപി എന്നിവര്‍ക്കും ഓഫീസ് അസിസ്റ്റന്റ് ഉസ്മാനും എതിരെയാണ് കേസെടുത്തതെന്ന് എസ് ഐ. അബ്ദുല്ല പുര്‍മെത് അറിയിച്ചു. ഇമെയില്‍, ഇന്റര്‍നെറ്റ് പോലു ള്ള ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്നും പോലീസ് അറിയിച്ചു.

ഏറെ നാളായി അധ്യാപകരും ഉദ്യോഗസ്ഥനും തങ്ങളെ പീഡിപ്പിക്കുകയാണെന്ന് വ്യത്യസ്ത ക്ലാസകകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മൂവരെയും പുറത്താക്കിയതായി കോളജ് അധികൃതര്‍ അറിയിച്ചു.