അരിവില നിയന്ത്രിക്കാന്‍ നടപടി; ബംഗാളില്‍ നിന്ന് അരി കൊണ്ടുവരും

Posted on: March 1, 2017 8:14 am | Last updated: March 1, 2017 at 12:16 am

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മാര്‍ച്ച് 10നകം സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ അരിവിതരണം ആരംഭിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അരി വില നിയന്ത്രിക്കുന്നതിനായി 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ അരി വിതരണക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കുറഞ്ഞ വിലക്ക് അരി ലഭ്യമാകാത്തതിനാല്‍ പശ്ചിമ ബംഗളില്‍ നിന്ന് അരി വാങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് പത്തിനകം സംസ്ഥാനത്ത് അരി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. മന്ത്രി വ്യക്തമാക്കി. കെ ആന്‍സലന്‍, ബി ഡി ദേവസി, കെ വി വിജയദാസ്, ആന്റണി ജോണ്‍, അനില്‍ അക്കര, സി എഫ് തോമസ്, എന്‍ ശംസുദീന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മറ്റ് സംസ്ഥാനങ്ങളിലെ അരി വിതരണക്കാര്‍ക്ക് വന്‍ തോതില്‍ കുടിശ്ശിക പണം നല്‍കാനുള്ളതിനാല്‍ പലരും അരി നല്‍കാന്‍ തയാറാകുന്നില്ല. മുന്‍ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത കാരണം മില്ലുടമകള്‍ക്കും ഏജന്റുമാര്‍ക്കും കേരളത്തോടുള്ള വിശ്വാസ്യത തന്നെ നഷ്ടപ്പെട്ട അവസ്ഥയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 241 വിതരണക്കാര്‍ക്ക് 52 കോടി രൂപ നല്‍കാന്‍ കഴിഞ്ഞു. ഇനി കൊടുക്കാനുള്ള 157 കോടി രൂപ നല്‍കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കണ്‍സ്യൂമര്‍ഫെഡിനെ പുനഃസംഘടിപ്പിച്ച് ന്യായ വിലക്ക് സാധനങ്ങള്‍ നല്‍കാവുന്ന തരത്തിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കണ്‍സ്യൂമര്‍ഫെഡില്‍ 447 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കിയിട്ടുണ്ട്. 2011ന് ശേഷം ഓഡിറ്റിംഗ് നടന്നിട്ടില്ല. വ്യക്തമായ കണക്കും വൗച്ചറും ഇല്ലായിരുന്നു. അഴിമതി സംബന്ധിച്ച് പോലീസും, വകുപ്പു തലത്തിലും അന്വേഷണം നടന്നുവരികയാണ്. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 2000 നീതി സ്‌റ്റോറും 1500 നീതി മെഡിക്കല്‍ സ്‌റ്റോറുകളും ആരംഭിക്കുന്നതിന് തീരുമാനമായി. കണ്‍സ്യൂമര്‍ ഫെഡിന് സ്വന്തമായുള്ള നീതി ഗ്യാസ് പ്ലാന്റിന്റെ കാര്യശേഷി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി വാണിജ്യ ഗ്യാസ് റീഫില്ലിംഗ് നല്‍കുന്നത് പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.