Connect with us

Editorial

ചാവേറുകളാകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍

Published

|

Last Updated

കണ്ണൂര്‍ അരീക്കല്‍ അശോകന്‍ വധക്കേസുമായി ബന്ധപ്പെട്ട വിധി പ്രസ്താവത്തില്‍ ഹൈക്കോടതി രാഷ്ട്രീയ പ്രവര്‍ത്തകരെ ചില കാര്യങ്ങള്‍ ഉണര്‍ത്തുകയുണ്ടായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാകുന്നത് താഴെക്കിടയിലുള്ള പ്രവര്‍ത്തകരാണ്. അതിന്റെ ബുദ്ധികേന്ദ്രങ്ങളും ആസൂത്രകരും സാധാരണ പ്രവര്‍ത്തകരെ ബലിയാടുകളോ രക്തസാക്ഷികളോ ആക്കി സുരക്ഷിതരായി കഴിയുന്നു. പ്രത്യയശാസ്ത്രത്തെ അപേക്ഷിച്ചു ഒട്ടും വിലയില്ലാത്തതാണ് മനുഷ്യജീവന്‍ എന്ന സന്ദേശമാണ് രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് രാഷ്ട്രീയ കൊലപാതകത്തിന് മുതിരുന്നത് കാടത്തമാണെന്നും അക്രമ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുകയുമുണ്ടായി. അടുത്ത ദിവസം തലശ്ശേരിയില്‍ ജയില്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതും ഇതു തന്നെയായിരുന്നു. ജിയിലിലുള്ള രാഷ്ട്രീയ തടവുകാരെല്ലാം പാവപ്പെട്ട സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. നേതാക്കളുടെ വലയില്‍ അകപ്പെട്ട് ജീവിതം തന്നെ ഹോമിക്കുന്ന അവര്‍ പാര്‍ട്ടിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ചൂഷണം ചെയ്യുന്ന നേതാക്കളെ തിരിച്ചറിയണമെന്ന് അദ്ദേഹം ഉപദേശിക്കുകയുണ്ടായി.

സംസ്ഥാനത്ത് അക്രമ രാഷ്ട്രീയവും കൊലപാതകങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രസക്തമാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ബഹുകക്ഷി ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയത്തില്‍ അഭിപ്രായ വൈജാത്യങ്ങള്‍ സ്വാഭാവികമാണ്. എതിര്‍കക്ഷികളുടെ വിരുദ്ധ വീക്ഷണങ്ങളോട് സംവാദങ്ങളിലൂടെ പ്രതികരിക്കുന്നതാണ് ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനം. വിദ്വേഷത്തിന്റെയും പകയുടെയുമല്ല, സമാധാനത്തിന്റെയും നന്മയുടെയും പ്രത്യയ ശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് രാഷ്ട്രീയ ക്കാര്‍. വിശിഷ്യാ അതിന്റെ നേതൃസ്ഥാനങ്ങളിലുള്ളവര്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ സമാധാനത്തെക്കുറിച്ചു സംസാരിക്കുകയും സമാധാന യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുമെങ്കിലും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി അണികളില്‍ വിദ്വേഷത്തിന്റെയും പകയുടെയും കനലുകള്‍ ഊതിക്കത്തിച്ചു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് നേതാക്കള്‍. ഈ ലക്ഷ്യത്തില്‍ കായിക, ആയുധ പരിശീലനങ്ങള്‍ വരെ നടത്തിവരുന്നു. ഇതിനിടെ ക്ഷേത്രങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സൈനിക വിഭാഗം നടത്തിയ ആയുധ പരിശീലനം വിവാദമായതാണ്. വടക്കന്‍ കേരളത്തിലെ ബോംബ് സ്‌ഫോടനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. പ്രതിയോഗികളെ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ആയുധ നിര്‍മാണങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതാണ് ഇവയിലേറെയും. ബോംബെറിഞ്ഞു കൊല്ലുന്ന രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ബോംബ് നിര്‍മാണത്തിനിടെയുള്ള പൊട്ടിത്തെറിയില്‍ മരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അണികളെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ പരസ്പരം സൗഹൃദത്തിലുമായിരിക്കും.

അക്രമങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത ശേഷം എല്ലാം അണികളുടെ തലയില്‍ കെട്ടിവെച്ചു നേതാക്കള്‍ തലയൂരാന്‍ ശ്രമിക്കുന്നു. പ്രാദേശിക നേതാക്കളെങ്കിലും അറിയാതെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുക പ്രയാസമാണ്. സംഭവങ്ങള്‍ നടക്കുമ്പോള്‍ ആസൂത്രണക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ സുഖവാസത്തിലായിരിക്കുമെന്ന് മാത്രം. അണികളുടെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയും സംഘടനയോടുള്ള കൂറും നേതൃത്വങ്ങള്‍ സമര്‍ഥമായി ചൂഷണം ചെയ്യുകയാണ്. രക്തസാക്ഷികള്‍ നേതൃത്വങ്ങളെ സംബന്ധിച്ചിടത്തോളം നല്ലൊരു സാമ്പത്തിക സ്രോതസ്സുമാണ്. അപ്പേരില്‍ പിരിവെടുത്തു നേട്ടമുണ്ടാക്കുന്നത് രാഷ്ട്രീയ മേഖലയില്‍ സര്‍വസാധാരണം. സംസ്ഥാനത്ത് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരം പണിതുയര്‍ത്തിയത് രക്തസാക്ഷികളുടെ കുടുംബത്തിനെന്ന പേരില്‍ പിരിച്ചെടുത്ത പണം ചെലവഴിച്ചായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചു ബോധവാന്മാരാകുകയും അക്രമ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള വിവേകം പ്രകടിപ്പിക്കുകയും ചെയ്യണം. അധ്വാനവും കഷ്ടപ്പാടും എന്തെന്നറിയാത്തവരാണ് നേതൃസ്ഥാനങ്ങളിലുള്ളവര്‍. ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തില്‍ അവര്‍ ബദ്ധശ്രദ്ധരായിരിക്കും. അണികള്‍ക്കു കിട്ടുന്നതോ ജയിലറയും കണ്ണീരും മാത്രം. അവരുടെ വീടുകളില്‍ മാത്രമാണ് വിധവകളും അനാഥരുമുള്ളത്. ഒരൊറ്റ നേതാവിന്റെ വീട്ടിലും രാഷ്ട്രീയ സംഘട്ടനങ്ങള്‍ സൃഷ്ടിച്ച അനാഥരെയോ വിധവകളെയോ കാണില്ല. നേതാക്കള്‍ എല്ലാ രാഷ്ട്രീയ സംരക്ഷണത്തോടെയും അണിയറയില്‍ സുരക്ഷിതമായി ഇരുന്നു അണികളെ കൊണ്ട് ചുടുചോറ് വാരിക്കുന്ന പ്രവണതക്ക് അറുതി വരണമെങ്കില്‍ അണികള്‍ സ്വയം ഉണരണം. അക്രമ രാഷ്ട്രീയത്തിന് ഇനിയും സന്നദ്ധമല്ലെന്ന് അവര്‍ പ്രതിജ്ഞയെടുക്കുകയും അക്കാര്യം നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്യട്ടെ. ചോരച്ചാലുകള്‍ തീര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അതോടെ അവസാനിക്കും.

---- facebook comment plugin here -----

Latest