ഖത്വര്‍ ലോകകപ്പ് ഓട്ടിസം സൗഹൃദമാകും

Posted on: February 28, 2017 10:45 pm | Last updated: February 28, 2017 at 10:00 pm
SHARE

ദോഹ: 2022ലെ ഫിഫ ലോകകപ്പ് കാണുന്നതിന് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി).

മേഖലയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകത്തെ വലിയ കായിക മാമാങ്കളിലൊന്നായ ഫുട്‌ബോള്‍ ലോകകപ്പ് തടസ്സങ്ങളേതുമില്ലാതെ ആസ്വദിക്കാന്‍ എല്ലാവര്‍ക്കും സൗകര്യമൊരുക്കുമെന്ന എസ് സിയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിത്.
പഠന വൈകല്യമുള്ളവരടക്കം ഓരോരുത്തര്‍ക്കും ലോകകപ്പ് ആസ്വദിക്കാനുള്ള സൗകര്യങ്ങളൊരുക്കുകയെന്നത് തങ്ങളുടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് എസ് സി അസി. സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു.

ആന്വല്‍ ഓട്ടിസം ഔട്ട്‌റീച്ച്, ട്രെയിനിംഗ് സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടിസം ബാധിച്ചവര്‍ക്ക് വലിയ പുരുഷാരത്തിനിടയിലേക്ക് വരുന്നതിനും കളി കാണുന്നതിനുമൊക്കെ വലിയ പ്രയാസങ്ങളുണ്ടാകും. എന്നാല്‍ അവര്‍ക്ക് പ്രയാസങ്ങളൊന്നുമില്ലാത്ത രീതിയിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കുകയെന്നും നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു.