ഉബൈദ കൊലപാതകം; പ്രതിയുടെ വധശിക്ഷ ഉന്നത കോടതി ശരിവെച്ചു

Posted on: February 28, 2017 8:14 pm | Last updated: February 28, 2017 at 8:14 pm
SHARE

ദുബൈ: എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ജോര്‍ദാന്‍കാരന് വധശിക്ഷ ഉറപ്പായി. കീഴ്‌ക്കോടതി വിധി ഉന്നത കോടതി ശരിവെച്ചതോടെയാണ് പ്രതിക്ക് വധശിക്ഷ ഉറപ്പായത്. നിദാല്‍ ഈസ അബ്ദുല്ല (48)യെയാണ് നിറ തോക്കിന് ഇരയാക്കുക. കഴിഞ്ഞ വര്‍ഷം മെയ് 20നാണ് കേസിനാസ്പദമായ സംഭവം.

ഷാര്‍ജയില്‍ നിന്ന് കാണാതായ ഉബൈദ സിദ്ദിഖിയെന്ന ജോര്‍ദാന്‍ ബാലന്റെ മൃതദേഹം ദുബൈയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. പ്രതി ലഹരിക്കടിമയായിരുന്നുവെന്നും പ്രതി സാമൂഹിക വിരുദ്ധ സ്വഭാവമുള്ള ആളാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ അപ്പീല്‍ തള്ളുകയാണെന്ന് ന്യായാധിപന്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ സറൂനി പറഞ്ഞു. കുട്ടി ലൈംഗികമായി പീഡിക്കപ്പെട്ടതിന്റെ തെളിവുകള്‍ മൃതദേഹത്തില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് ഡോക്ടര്‍ പറഞ്ഞു.

കുട്ടിയെ കാണാതായത് സംബന്ധിച്ച് പരാതി ലഭിച്ചതു മുതല്‍ പോലീസ് അന്വേഷണം നടത്തുകയും റാശിദിയ്യ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട അല്‍ വര്‍ഖ മേഖലയിലെ അക്കാഡമിക് സിറ്റി റോഡിന് സമീപത്തെ മരച്ചുവട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഗ്യാരേജില്‍ നിന്നാണ് കുട്ടിയെ കാണാതായതായി പിതാവ് പരാതിപ്പെട്ടത്. മൃതദേഹം കണ്ടെത്തി ഒരു മണിക്കൂറിനകം തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു. മെയ് 20 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കുട്ടിയുടെ പിതാവിന്റെ ഗ്യാരേജില്‍ നിന്ന് സ്‌കൂട്ടര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. ഇയാള്‍ താമസിക്കുന്ന കെട്ടിടത്തിലെ വാച്ച്മാന്റെ കാര്‍ വാങ്ങി അല്‍ മംസാര്‍ ഭാഗത്തേക്ക് കുട്ടിയെ കൊണ്ടുവരികയും അവിടെ മദ്യപിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച് ശബ്ദമുണ്ടാക്കിയ കുട്ടിയെ അറബികള്‍ തലയിലിടുന്ന വസ്ത്രമായ ഖതറ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് മേജര്‍ ജനറല്‍ അല്‍ മന്‍സൂരി വ്യക്തമാക്കി. ശേഷം കുട്ടിയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഉപേക്ഷിച്ച് പ്രതി വീട്ടിലേക്ക് പോവുകയും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുവന്ന് അക്കാഡമിക് സിറ്റി റോഡിലെ മരച്ചുവട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here