Connect with us

Kerala

കാരുണ്യപദ്ധതി: കെ എം മാണി ഉപവസിച്ചു

Published

|

Last Updated

തിരുവനന്തപുരം: കാരുണ്യ ചികിത്സ പദ്ധതി അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും എം എല്‍ എയുമായ കെ എം മാണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തി. കാരുണ്യ പദ്ധതിയെ കൊല ചെയ്ത എല്‍ ഡി എഫ് സര്‍ക്കാറിന് അമ്മമാര്‍ മാപ്പ് തരില്ലെന്ന് കെ എം മാണി പറഞ്ഞു.

കാരുണ്യ പദ്ധതി അട്ടിമറിക്കുന്നതിലൂടെ ഉണ്ടാകുന്ന പാപക്കറ മന്ത്രി തോമസ് ഐസക്ക് എത്ര സോപ്പ് ഉപയോഗിച്ച് കഴുകി കളഞ്ഞാലും ശരീരത്തില്‍ നിന്ന് മാറില്ല. രാജ്യാന്തരതലത്തില്‍ അംഗീകാരം നേടിയ പദ്ധതിയാണിത്. 1500 കോടി ചെലവില്‍ നടത്തി വന്ന ജീവ കാരുണ്യ പ്രസ്ഥാനത്തിനെയാണ് സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നത്. നൊന്ത് പെറ്റ കുഞ്ഞിനെ കണ്‍മുമ്പില്‍ കൊല്ലുന്നത് കാണുന്ന അമ്മയുടെ വേദനയാണ് തനിക്ക് ഉണ്ടാകുന്നത്.
ആശുപത്രികളിലെ ചികിത്സ ചെലവ് ഭീമമായി ഉയര്‍ന്നപ്പോള്‍, ജനത്തിന് ആശ്വാസമായി രണ്ട് ലക്ഷം രൂപ വരെ സൗജന്യമായി നല്‍കുകയാണ് കാരുണ്യ പദ്ധതിയിലൂടെ നടപ്പിലാക്കിയിരുന്നത്. നല്ല നിലയില്‍ നടത്തിയ പദ്ധതിയെ അട്ടിമറിച്ചത് നീതീകരണമില്ലാത്ത തെറ്റാണ്. ഒരമ്മയുടെ വാത്സല്യത്തോടെയാണ് കാരുണ്യ പദ്ധതി താന്‍ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചത്. പദ്ധതി നടപ്പിലാക്കിയ കാലത്ത് കാരുണ്യ ലോട്ടറിയുടെ വില്‍പ്പന 500 കോടിയായി വര്‍ധിച്ചു. ഇത് ജനം പാവപ്പെട്ടവര്‍ക്ക് ചികിത്സക്ക് പണം ലഭിക്കാനായുള്ള പദ്ധതിയാണെന്ന് ബോധ്യപ്പെട്ട് ലോട്ടറി വാങ്ങിയത് കൊണ്ടാണെന്നും പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്നും മാണി ആവശ്യപ്പെട്ടു

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉപവാസം ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം പി, നേതാക്കളായ സി എഫ് തോമസ്, ജോസഫ് എം പുതുശ്ശേരി , തോമസ് ചാഴിക്കാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, മോന്‍സി ജോസഫ് പ്രസംഗിച്ചു.