Connect with us

Kerala

താജുല്‍ ഉലമാ നഗരി ഒരുങ്ങുന്നു; സമ്മേളനത്തിന് ഇനി മൂന്ന് നാള്‍

Published

|

Last Updated

സമസ്ത ഉലമാ സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്കായി തയ്യാറാകുന്ന വിശാലമായ പന്തല്‍

തൃശൂര്‍: പണ്ഡിത കേരളത്തിന്റെ ചരിത്ര സംഗമത്തിന് താജുല്‍ ഉലമാ നഗറില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി. 15,000 പ്രതിനിധികള്‍ക്ക് സമ്മേളനം വീക്ഷിക്കാനും, വിശ്രമത്തിനുമുള്ള പടുകൂറ്റന്‍ പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. 75,000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ട് പന്തലുകളാണ് ഹൈവേക്ക് സമീപം ഒരുങ്ങുന്നത്. ഭക്ഷണ ഹാള്‍, മീഡിയാ സെന്റര്‍, കമേഴ്‌സ്യല്‍ ഹാള്‍, ഓഫീസ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഒരുക്കങ്ങളും തകൃതിയായി നടന്നുവരുന്നു.

മാര്‍ച്ച് 3, 4, 5 തീയതികളില്‍ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ക്ക് അന്തിമ രൂപമായി. മൂന്നിന് വൈകുന്നേരം നാല് മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് “മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം” എന്ന പ്രമേയത്തില്‍ നവോത്ഥാന സമ്മേളനം നടക്കും. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെ പ്രതിനിധി സമ്മേളനത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ആഗോള തലത്തിലും ഇന്ത്യയിലും ഇസ്‌ലാമും മുസ്‌ലിംകളും നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. തീവ്രവാദ- ഭീകരവാദത്തിനെതിരെയുള്ള ഇസ്‌ലാമിന്റെ ശക്തമായ നിലപാടുകള്‍ സമ്മേളനം ഉയര്‍ത്തിപ്പിടിക്കും. അന്തര്‍ദേശീയ രംഗത്തെ പ്രമുഖ പണ്ഡിതര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

ഉലമാ സമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന പൊതു സമ്മേളനം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും. പൊതുസമ്മേളനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള സുന്നി പ്രവര്‍ത്തകര്‍ സംബന്ധിക്കും.
ഉലമാ സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ ജില്ലകളില്‍ മുതഅല്ലിം സമ്മേളനം, സോണ്‍ കേന്ദ്രങ്ങളില്‍ നവോത്ഥാന സമ്മേളനങ്ങള്‍, ഉമറാ സംഗമം, സ്മൃതിയാത്ര തുടങ്ങിയവ നടന്നു. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സംഘടനകളുടെ നേതൃത്വത്തിലാണ് സമ്മേളന പ്രചാരണങ്ങള്‍ നടക്കുന്നത്. തൃശൂര്‍ ജില്ലയിലെ രണ്ട് ലക്ഷത്തോളം വീടുകളില്‍ സമ്മേളന സന്ദേശമെത്തിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും നടന്നു.
സ്വാഗതസംഘം ഓഫീസില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, വ ണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, പി കെ ബാവ ദാരിമി, അഡ്വ. കെ യു അലി തുടങ്ങിയവര്‍ സംബന്ധിച്ചു.