Connect with us

Gulf

രണ്ടു ഖത്വര്‍ പെട്രോളിയം കമ്പനികള്‍ ഏകീകരിക്കും

Published

|

Last Updated

ദോഹ: ഖത്വര്‍ പെട്രോളിയത്തിനു കീഴില്‍ പ്രവര്‍ത്തിച്ചുവന്ന ഖത്വര്‍ വിന്‍യാല്‍ കമ്പനി (ക്യു വി സി), ഖത്വര്‍ പെട്രോകെമിക്കല്‍ കമ്പനി (ക്യു എ പി സി ഒ) എന്നിവ സംയോജിപ്പിക്കുമെന്ന് ഖത്വര്‍ പെട്രോളിയം അറിയിച്ചു. മിസൈഈദ് പെട്രോകെമിക്കലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ക്യു വി സിയും ഇന്‍ഡസ്ട്രീസ് ഖത്വറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ക്യു എ പി സി ഒയും ഖത്വര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളാണ്.

സംയോജനം ഓഹരിയുടമകളില്‍ ഒരു മാറ്റവും വരുത്തില്ല. രണ്ടു കമ്പനികളുടെയും ആസ്ഥികളുടെ അടിസ്ഥാനത്തില്‍ സിംഗിള്‍ എന്‍ട്രി സ്വഭാവത്തിലേക്ക് ഓഹരി പങ്കാളിത്തം മാറും. മത്സരവും സാമ്പത്തിക നിലവാരവും ഉയര്‍ത്തുക ലക്ഷ്യം വെച്ചാണ് കമ്പനികളെ ഏകീകരിക്കുന്നതെന്ന് ഖത്വര്‍ പെട്രോളിയം പ്രസിഡന്റും സി ഇ ഒയുമായ സാദ് ശരീദ അല്‍ കഅബി പറഞ്ഞു. ഇതു രണ്ടു കമ്പനികളെയും ഉയര്‍ത്തും. ഇന്‍ഡസ്ട്രീസ് ഖത്വര്‍, മിസൈഈദ് പെട്രോകെമിക്കല്‍സ് കമ്പനി ഓഹരിയുടമകള്‍ക്ക് ലയനത്തിന്റെ ഗുണഫലം ലഭിക്കും. ഓഹരിയുടമകള്‍ക്ക് ലാഭമുണ്ടാകുന്ന വിധം രണ്ടു കമ്പനികളെയും മെച്ചപ്പെടുത്തുന്നതിന് മികച്ച വിഭവങ്ങളും ഭൗതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ആഗോളാടിസ്ഥാനത്തിലുള്ള മത്സരത്തിലൂടെ കമ്പനിയുടെ സ്ഥാനം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസമാണ് കമ്പനികളുടെ ഏകീകരണ നടപടികള്‍ ആരംഭിക്കുക. വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കും. നടപടികള്‍ പൂര്‍ത്തിയായാല്‍ ഖത്വര്‍ പെട്രോകെമിക്കല്‍ കമ്പനി (ക്യു എ പി സി ഒ) എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുക. ഇപ്പോള്‍ രണ്ടു കമ്പനികളിലായി നടന്നു വരുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരു കമ്പനിയില്‍ ഒരു മാനേജ്‌മെന്റിനു കീഴിലായി നടക്കും.