ട്രംപിന് പേടിസ്വപ്നമാകാന്‍ പെറെസ് ഡെമോക്രാറ്റിക് തലപ്പത്ത്

Posted on: February 27, 2017 9:18 am | Last updated: February 27, 2017 at 9:18 am
SHARE

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് പേടിസ്വപ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലപ്പത്ത് അനുഭവസമ്പത്തിന്റെ കരുത്തുമായി ടോം പെറെസ്. ഒബാമ ഭരണകൂടത്തിലെ അഗ്രഗണ്യനും മുന്‍ തൊഴില്‍ സെക്രട്ടറിയുമായ ടോമിനെ പ്രതിപക്ഷ പാര്‍ട്ടിയുടെ മേധാവിയായി തിരഞ്ഞെടുത്തു. കെയ്ത് എല്ലിസണിനെ പരാജയപ്പെടുത്തിയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കാര്യനിര്‍വഹണത്തിലെ പ്രധാനിയുമായ പെറെസ് തിരഞ്ഞെടുക്കപ്പെടുന്നത്.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി പടുത്തുയര്‍ത്തി വിവാദ നായകനായ ട്രംപിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന് മുന്നിലുള്ളത്. രണ്ടാം ഘട്ട വോട്ടിംഗിലാണ് പെറെസിനെ തിരഞ്ഞെടുത്തത്.
രാജ്യത്തിന്റെ ട്രംപ്‌വിരുദ്ധ മനോഭാവത്തെ ആയുധമാക്കി, ഹിലരി ക്ലിന്റന്റെ പരാജയത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന പാര്‍ട്ടിയെ മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമാക്കലാണ് പെറെസിന്റെ പ്രാഥമിക ലക്ഷ്യം. ആത്മവിശ്വാസത്തിന്റെ മാന്ദ്യമാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെന്നും ട്രംപിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം പെറെസ് പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാക്കി.
ആശയങ്ങളിലെയും നിലപാടുകളിലെയും വ്യത്യസ്തത മറന്ന് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി ഒറ്റക്കെട്ടാകണമെന്നും ഐക്യ ഡെമോക്രാറ്റിക് എന്നത് തങ്ങളുടെ നല്ല പ്രതീക്ഷ മാത്രമല്ലെന്നും ട്രംപിന്റെ പേടിസ്വപ്‌നമാണെന്നും അദ്ദേഹം പ്രതികരിച്ചു.