Connect with us

Editorial

വില കുറഞ്ഞ പ്രചാരണം

Published

|

Last Updated

ഉത്തര്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നായിരിക്കും. നോട്ട് നിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളോട് ജനങ്ങളുടെ യഥാര്‍ഥ പ്രതികരണമെന്താണ്? വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങള്‍ക്ക് ജയിച്ചു വരാവുന്ന സ്ഥിതി തന്നെയാണോ ഇപ്പോഴുമുള്ളത്? ഇക്കാലമത്രയും പോരടിച്ചു നിന്ന എസ് പിയും കോണ്‍ഗ്രസും കൈകോര്‍ത്തതിനെ ജനം എങ്ങനെ കാണുന്നു? കൊട്ടിഘോഷിക്കപ്പെട്ട മോദി ഇഫക്ട് ഇപ്പോഴും കത്തിനില്‍ക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം യു പി മറുപടി നല്‍കും. അതുകൊണ്ട് തന്നെ ഹൈ വോള്‍ട്ടേജ് പ്രചാരണമാണ് ഇവിടെ പാര്‍ട്ടികള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ നിരന്തരം റാലികളില്‍ പങ്കെടുക്കുന്നു. റായ്ബറേലിയില്‍ മാത്രമാണെങ്കിലും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനിറങ്ങി. അഞ്ചാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സംസ്ഥാനം ഇന്ന് ബൂത്തിലേക്ക് നീങ്ങുകയാണ്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയടക്കമുള്ള 11 ജില്ലകളിലെ 51 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ജനാധിപത്യ പ്രക്രിയയില്‍ വോട്ടെടുപ്പിനോളം തന്നെ പ്രധാനമാണ് അതിന്റെ പ്രചാരണം. ജനങ്ങളെ രാഷ്ട്രീയ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതും തീരുമാനങ്ങളെടുക്കാന്‍ സജ്ജമാക്കുന്നതും പ്രചാരണമാണ്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാര്‍ഥിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരിപാടികളും അവര്‍ മുന്നോട്ട് വെക്കുന്ന പ്രവര്‍ത്തന പദ്ധതികളും സമഗ്ര പരിശോധനക്കായി വരുന്നു. പ്രകടന പത്രികകളെ മുന്‍നിര്‍ത്തി വോട്ട് തേടുന്നുവെന്നാണ് സങ്കല്‍പ്പം. മുഴുവന്‍ പേരെയും രാഷ്ട്രീയ ജാഗ്രതയുള്ളവരാക്കുകയാണ് പ്രചാരണ കാലത്തിന്റെ യഥാര്‍ഥ ലക്ഷ്യം. അതുകൊണ്ടാണ് മതം, ജാതി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണം സുപ്രീം കോടതി ശക്തമായി വിലക്കിയത്. പണക്കൊഴുപ്പും വ്യക്തിഹത്യയും തടയാനും ചട്ടങ്ങള്‍ എമ്പാടുമുണ്ട്. എന്നാല്‍, ഇത്തരം വിലക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്ന് യു പി തെളിയിച്ചിരിക്കുന്നു. ഇവിടെ മതവും ജാതിയും തന്നെയാണ് പ്രശ്‌നം. വര്‍ഗീയ വിഭജന പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന സ്ഥിതിയാണ് ഇവിടെ കണ്ടത്. മൂന്ന് ഘട്ടം പൂര്‍ത്തിയാകും വരെ നോട്ട് നിരോധത്തിന്റെ കെടുതികള്‍ അനുഭവിച്ച കര്‍ഷകരുടെയും വ്യാപാരികളുടെയും അമര്‍ഷം ശമിപ്പിക്കാന്‍ വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് വികസനം മുന്‍നിര്‍ത്തിയുമുള്ള പ്രചാരണത്തിനാണ് ബി ജെ പി മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ ആദ്യ ഘട്ടങ്ങളിലെ പ്രകടനം വിലയിരുത്തിയ ബി ജെ പിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമായി. രാമക്ഷേത്ര നിര്‍മാണം ശക്തമായി പ്രചാരണത്തിലേക്ക് കടന്നുവന്നു. റമസാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും തീര്‍ച്ചയായും വൈദ്യുതി വേണമെന്ന് ഫത്തേപൂരില്‍ പ്രസംഗിക്കുക വഴി രാജ്യം ഭരിക്കുന്ന പാര്‍ട്ടി വില കുറഞ്ഞ പ്രചാരണത്തിലേക്ക് കൂപ്പുകുത്തുന്നതിന് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുകയായിരുന്നു. ഖബര്‍സ്ഥാനുണ്ടെങ്കില്‍ ശ്മശാനവും വേണമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. വൈദ്യുതി പ്രതിസന്ധിയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനമില്ലായ്മയും ചര്‍ച്ചയാക്കുന്നത് ജനാധിപത്യം. എന്നാല്‍ റമസാനും ദീപാവലിയും ഖബര്‍സ്ഥാനും അതിലേക്ക് കൊണ്ടു വരുന്നത് വര്‍ഗീയാധിപത്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ബി ജെ പി പുറത്തെടുത്തത് ഇതേ തന്ത്രമായിരുന്നു. മുസാഫര്‍ നഗര്‍ കലാപം അതിന്റെ ആവിഷ്‌കാരമായിരുന്നു. സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനത്തിന് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കിയെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടേണ്ടിവന്നിരിക്കുന്നു വിഷയത്തില്‍.
പ്രധാനമന്ത്രി ശ്മശാനത്തെ കുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ ലാപ്‌ടോപ്പിനെക്കുറിച്ചും സ്മാര്‍ട്ട് ഫോണിനെക്കുറിച്ചും പറയുന്നുവെന്നാണ് യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മറുപടി. വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്താണ് പ്രചാരണത്തിലുടനീളം കണ്ടത്. ആദ്യ ഘട്ടങ്ങളിലെ ജനവിധിയെന്തെന്ന് അഖിലേഷിന്റെയും രാഹുലിന്റെയും മുഖം കണ്ടാലറിയാമെന്ന് പ്രധാനമന്ത്രി. മോദിയുടെ മുഖത്തെ ചിരിമാഞ്ഞുവെന്ന് രാഹുല്‍. യു പിയെ കസബില്‍ നിന്ന് (ക- കോണ്‍ഗ്രസ്, സ- സമാജ്‌വാദി പാര്‍ട്ടി, ബ- ബഹുജന്‍സമാജ് പാര്‍ട്ടി) രക്ഷിക്കണമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. അമിത്ഷാ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദി അഥവാ കസബെന്ന് മായാവതിയുടെ ഉരുളക്ക് ഉപ്പേരി. ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി സംസാരിക്കരുതെന്ന് ബ്രാന്‍ഡ് ഗുജറാത്ത് പരസ്യത്തെ കളിയാക്കി അമിതാഭ് ബച്ചനോട് അഖിലേഷ്. കഴുതകള്‍ തനിക്ക് വലിയ പ്രചോദനമാണെന്നും അവറ്റകള്‍ക്ക് കൂറുണ്ടാകുമെന്നും പ്രധാനമന്ത്രി. ഇങ്ങനെ പോകുന്നു ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും കൂടുതല്‍ സീറ്റുള്ള സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിലെ പ്രചാരണം. ഈ വാക്‌പോരില്‍ എവിടെയാണ് മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങളുള്ളത്? എവിടെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമുള്ളത്?