ചീര്‍പ്പിങ്ങല്‍ പാലം പ്രവൃത്തി എം എല്‍ എ സന്ദര്‍ശിച്ചു

Posted on: February 25, 2017 3:59 pm | Last updated: February 25, 2017 at 2:52 pm
SHARE

തിരൂരങ്ങാടി: പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താന്‍ പി കെ അബ്ദുര്‍റബ്ബ് എം എല്‍ എ പാലം സന്ദര്‍ശിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റാത്തത് ടാറിംഗ് വൈകിപ്പിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇത് പരിശോധിക്കുന്നതിനും മറ്റുമാണ് എം എല്‍ എയെത്തിയത്.

അപ്രോച്ച് റോഡ് ടാറിംഗ് പൂര്‍ത്തികരണത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതി തൂണ്‍ ഉടന്‍ മാറ്റണമെന്ന് പി കെ അബ്ദുര്‍റബ്ബ് എം എല്‍ എ ആവശ്യപ്പെട്ടു. പാലം അപ്രോച്ച് റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. അപ്രോച്ച് റോഡ് കടന്ന് പോകുന്ന പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കാരാറുകാരന്‍ കെ എസ് ഇ ബിക്ക് കത്ത് നല്‍കിയതാണ്. മാത്രമല്ല അതിന് വേണ്ട പണവും അടച്ചു. എന്നാല്‍ മൂന്ന് പോസ്റ്റുകള്‍ മാറ്റാത്തതിനാല്‍ ഇപ്പോള്‍ പ്രവൃത്തി തടസപ്പെട്ടിരിക്കയാണ്. പാലം പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി ഓഫീസിലെ എ ഇയെ എം എല്‍ എ ഫോണില്‍ വിളിച്ചു ആവശ്യപ്പെട്ടു. 27ന് തന്നെ പോസ്റ്റ് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥന്‍ എം എല്‍ എക്ക് ഉറപ്പ് നല്‍കി.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിച്ച് കൊണ്ട് ചീര്‍പ്പിങ്ങല്‍ തോടിന് കുറുകെയാണ് വീതി കൂടിയ പുതിയ പാലം നിര്‍മാണം നടക്കുന്നത്. പി കെ അബ്ദുര്‍റബ്ബ് എം എല്‍ എയുടെ ശ്രമഫലമായി ആറ് കോടി രൂപ ചെലവിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. പാലം പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നും എം എല്‍ എ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസി. എ പി ഉണ്ണികൃഷ്ണന്‍, നന്നമ്പ്ര പഞ്ചായത്ത് പ്രസി. എം പി മുഹമ്മദ് ഹസന്‍, ഊര്‍പ്പായി സൈതലവി, പത്തൂര്‍ മൊയ്തീന്‍ ഹാജി, ഒടിയില്‍ പീച്ചു, യു എ റസാഖ്, മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി, പാട്ടശ്ശേരി അലവി ഹാജി, മേലേപാത്ത് ഇബ്‌റാഹീം, ടി കെ നാസര്‍, മുഹമ്മദ് കുട്ടി, നൗശാദ് വടക്കേതല, കെ കെ റശീദ്, നൗശാദ് സംബന്ധിച്ചു.