കഹ്‌റമയുടെ ബോധവത്കരണ പാര്‍ക്കില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

Posted on: February 24, 2017 10:32 pm | Last updated: February 24, 2017 at 10:14 pm
കഹ്‌റമയുടെ ബോധവത്കരണ പാര്‍ക്ക് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയും
ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി

ദോഹ: കഹ്‌റമയുടെ ബോധവത്കരണ പാര്‍ക്കില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ(കഹ്‌റമ) ഹിലാലിലെ ബോധവല്‍കരണ പാര്‍ക്കിലാണ് (അവയര്‍നസ് പാര്‍ക്ക്) പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സന്ദര്‍ശിച്ചത്.

പാര്‍ക്കിലെ പ്രധാന സൗകര്യങ്ങളും പദ്ധതികളും സന്ദര്‍ശകര്‍ക്കായി ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു വിശദീകരിച്ചു കൊടുത്തു. ശാസ്ത്രാവബോധം, പദ്ധതികള്‍, ഭാവി ലക്ഷ്യങ്ങള്‍, പാര്‍ക്ക് ലഭ്യമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയെയെല്ലാം പ്രധാനമന്ത്രി മനസിലാക്കി. വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന വേദിയെന്ന നിലയിലാണ് ബോധവത്കരണ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പാര്‍ക്കിലെ സേവനങ്ങളും സാങ്കേതിക വിദ്യകളും പ്രധാനമന്ത്രി വിലയിരുത്തി. കാര്യക്ഷമമായി വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നതിന്റെ സാങ്കേതിക സംവിധാനങ്ങളും നിയന്ത്രണങ്ങളും പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.

വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രീഡി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ഡാനാ ഡോം, കാലാവസ്ഥാ വ്യതിയാന മേഖല, വിര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജി ഉപയോഗിക്കുന്ന വൈദ്യുത സ്‌റ്റേഷന്‍, സുസ്ഥിരത കൈവരിക്കുന്നതില്‍ ഇസ്‌ലാമിന്റെ പങ്ക് വ്യക്തമാക്കുന്ന ഇസ്‌ലാമിക് കോര്‍ണര്‍, ഗവേഷണ പുനരുപയോഗ ഊര്‍ജ മേഖല എന്നിവയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
രാജ്യത്ത് സൗരോര്‍ജം, കാറ്റ്, താപം എന്നീ മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിക്കുന്ന ഏക കെട്ടിടം കഹ്‌റമ പാര്‍ക്കാണ്. ഇവയുടെ പ്രവര്‍ത്തനവും പ്രധാനമന്ത്രി വിലയിരുത്തി. രാജ്യത്തെ വ്യത്യസ്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സമൂഹത്തില്‍ ബോധവത്കരണ പാര്‍ക്കിന്റെ പങ്ക് ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

രാജ്യത്തിന്റെ പ്രധാന സ്രോതസുകളായ വൈദ്യുതിയുടെയും ജലത്തിന്റെയും കരുതലോടെയുള്ള ഉപഭോഗത്തെക്കുറിച്ച് വരും തലമുറയെ ബോധവത്കരിക്കുന്നതിനായാണ് കഹ്‌റമ ബോധവത്കരണ പാര്‍ക്ക് ഒരുക്കിയത്. ഊര്‍ജ ഉപഭോഗത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനഹാള്‍, ഊര്‍ജ കാര്യക്ഷമത ഉയര്‍ത്താന്‍ സാധിക്കുന്ന വ്യത്യസ്ത ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പാര്‍ക്കില്‍ ഉള്‍ക്കൊള്ളുന്നത്. ജെയിംസ് ക്യൂബട്ട് എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടിംഗ് ഓഫിസാണ് കഹ്‌റമ പാര്‍ക്കിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ഫൈവ് സ്റ്റാര്‍ വ്യാപാര രൂപരേഖാ അവാര്‍ഡ് ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.