Connect with us

International

മൊസൂളില്‍ ഇസില്‍ വേട്ട തുടരുന്നു; വിമാനത്താവളം തിരിച്ചുപിടിച്ചു

Published

|

Last Updated

മൊസൂളിലെ ഇസില്‍ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുന്ന ഇറാഖ് സൈന്യം.

മൊസൂള്‍: ഇറാഖിലെ അവസാന ഇസില്‍ സ്വാധീന പ്രദേശത്തെ വിമാനത്താവളവും സൈനിക കേന്ദ്രവും തിരിച്ചുപിടിച്ചു. യു എസ് പിന്തുണയോടെ സൈനിക മുന്നേറ്റം നടത്തുന്ന ഇറാഖ് സേനയാണ് പടിഞ്ഞാറന്‍ മൊസൂളിലെ വിമാനത്താവളത്തില്‍ നിന്നും സൈനിക കേന്ദ്രത്തില്‍ നിന്നും ഇസില്‍ ഭീകരരെ തുരത്തിയത്. രണ്ട് വര്‍ഷക്കാലം ഇസില്‍ ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന വിമാനത്താവളം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കിഴക്കന്‍ മൊസൂളിലെ സൈനിക ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പ്രവേശിച്ച സംയുക്ത സേനക്ക് മികച്ച തുടക്കമാണ് വിമാനത്താവളവും സൈനിക കേന്ദ്രവും തിരിച്ചു പിടിച്ചതോടെ ലഭിച്ചത്.

വിമാനത്താവളം ഉള്‍ക്കൊള്ളുന്ന മൊസൂളിലെ പടിഞ്ഞാറേ അറ്റം പൂര്‍ണമായും ഇറാഖ് സേന തിരിച്ചുപിടിച്ചിട്ടുണ്ടെന്നും നഗരത്തിലെ പ്രധാന കെട്ടിടങ്ങള്‍ ഇസില്‍ ഭീകരര്‍ ബോംബ് വെച്ച് നശിപ്പിച്ചിട്ടുണ്ടെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.
സൈനിക, സര്‍ക്കാര്‍ ശക്തികേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ഇസില്‍ 2014 ജൂണിലാണ് മൊസൂളിലെ സൈനിക കേന്ദ്രവും വിമാനത്താവളവും പിടിച്ചെടുത്തത്.
പടിഞ്ഞാറന്‍ മൊസൂള്‍ തിരിച്ചുപിടിക്കുന്നതോടെ രാജ്യത്തെ മുഴുവന്‍ ഇസില്‍ കേന്ദ്രങ്ങളും തകര്‍ത്തുവെന്ന് ഇറാഖ് സേനക്ക് അഭിമാനിക്കാം. അമേരിക്ക, ശിയാ, സുന്നി, ഗോത്ര, കുര്‍ദ് സായുധ സംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇറാഖ് മൊസൂളില്‍ സൈനിക മുന്നേറ്റം ആരംഭിച്ചത്.
കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങിയ സൈനിക മുന്നേറ്റത്തിന്റെ ആദ്യഘട്ടം കഴിഞ്ഞയാഴ്ചയാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ മാസം മൊസൂളിലെ കിഴക്കന്‍ മേഖല സൈന്യം പൂര്‍ണമായും ഇസില്‍മുക്തമാക്കിയിരുന്നു.
രണ്ട് വര്‍ഷക്കാലം ഇസില്‍ ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന മൊസൂളിലെ സുപ്രധാന ചരിത്ര പ്രദേശങ്ങളും സുരക്ഷാ കേന്ദ്രങ്ങളും തകര്‍ന്നിട്ടുണ്ട്. യൂനുസ് നബിയുടെ മഖ്ബറയടക്കം ഇത്തരത്തില്‍ സലഫിസ്റ്റ് ഭീകരര്‍ തകര്‍ത്ത പുണ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഇസില്‍ ആക്രമണത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകള്‍ നാടുവിടുകയും ചെയ്തിരുന്നു.
കുറഞ്ഞ ദിവസം കൊണ്ട് രാജ്യത്തെ മുഴുവന്‍ ഇസില്‍ കേന്ദ്രങ്ങളും തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് സൈന്യം ഉറച്ച് വിശ്വസിക്കുന്നത്.