Connect with us

International

കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം

Published

|

Last Updated

വാഷിംഗ്ടണ്‍: കോടതി വിലക്കിനെയും ജനകീയ പ്രക്ഷോഭത്തെയും മറികടന്ന് കുടിയേറ്റവിരുദ്ധ നടപടി കടുപ്പിച്ച് ട്രംപ് ഭരണകൂടം. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും മെക്‌സിക്കോയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വിവാദ ഉത്തരവിന് കോടതി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗങ്ങളുമായി ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച് പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമവുമായാണ് പോലീസ് നീക്കം തുടങ്ങിയത്. ഗതാഗത നിയമത്തിലടക്കം പെറ്റി കേസുകളില്‍ പിടിക്കപ്പെട്ട കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും നാടുകടത്താനാണ് പോലീസ് പ്രഥമഘട്ടത്തില്‍ ശ്രമിക്കുന്നത്. കര്‍ശനമായി തന്നെ വിവാദ കുടിയേറ്റ നിയമം നടപ്പാക്കാനാണ് ഇമിഗ്രേഷന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കാനും അഭയാര്‍ഥികളെ രാജ്യത്ത് അതിക്രമിച്ചുകയറിയെന്ന പേരില്‍ അറസ്റ്റ് ചെയ്യാനും ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി ചൊവ്വാഴ്ച ട്രംപ് ഭരണകൂടം പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ വിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന നിയമം പ്രഖ്യാപിച്ചതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. അതിര്‍ത്തി മുറിച്ചുകടക്കുന്നതിനും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുതകുന്നതാണ് ഹാംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ജോണ്‍ കെല്ലി ഒപ്പുവെച്ച പുതിയ നിയമമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രംപിന്റെ വിവാദ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയരുകയും രാജ്യത്ത് പ്രക്ഷോഭം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്.

Latest