Connect with us

Gulf

സഊദിയില്‍ ഇത് വനിതാ ആഴ്ച

Published

|

Last Updated

ദമ്മാം: കഴിഞ്ഞ ഒരാഴ്ചക്കകം ആദ്യമായി മൂന്നു വനിതകളാണ് സഊദിയില്‍ പുരുഷാധിപത്യത്തിന്റെ കേന്ദ്രമായറിയപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കപ്പെട്ടത്. ഇത് നിശ്ചയിക്കപ്പെട്ട വകുപ്പുകള്‍ക്കും സമൂഹത്തിനാകെയും ചരിത്ര നിമിഷമാണെന്ന് പരക്കെ പ്രശംസകള്‍ വന്നു കഴിഞ്ഞു. സഊദി അറേബ്യ സ്‌റ്റോക് എക്‌സ്‌ചേഞ്ച് (തദാവുല്‍) ചെയര്‍ ആയി സാറാ അല്‍ സുഹൈമി, സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സി.ഇ.ഒ റാനിയ അല്‍ നഷാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ചുമതലയേറ്റിരുന്നു. ഇന്നലെ അറബ് നാഷനല്‍ ബാങ്ക് ഫൈനാഷ്യല്‍ ഓഫീസറായി ലത്വീഫാ അല്‍ സബ്ഹാനാണ് മൂന്നാമതായി നിയമിക്കപ്പെട്ട വനിത. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്‌റ്റോക് എക്‌സ്‌ചേഞ്ചാണ് തദാവുല്‍.

സുഹൈമിയുടെ നേതൃത്വത്തിന്‍ കീഴില്‍ നാഷനല്‍ കൊമേഴ്‌സ് ബാങ്ക് കാപിറ്റലായി ഒരു മില്യന്‍ ഇടപാടുകാരും 77 ബില്യന്‍ റിയാല്‍ ആസ്തിയുമുണ്ട്. റാനിയ ബാങ്കിംഗ് രംഗത്ത് 20 വര്‍ഷത്തെ പരിചയ സമ്പത്തുമായാണ് സാമ്പ സി ഇ ഒ ആയിരിക്കുന്നത്. സബ്ഹാനും സാമ്പത്തിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. സഊദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി തൊഴില്‍ രംഗത്തെ വനിതാ പങ്കാളിത്തം 22 ല്‍ നിന്ന് 30 ശതമാനമാക്കാനുള്ള ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങള്‍. സഊദി വനിതകള്‍ ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നവരുണ്ടെന്നും കഴിവും പ്രാപ്തിയുമുള്ളവര്‍ക്ക് കുറവില്ലെന്നും പുതിയ നിയമനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും സഊദി സാമൂഹ്യ പ്രവര്‍ത്തകയും നാഷനല്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ മുതിര്‍ന്ന അംഗവുമായ സുഹൈല സൈന്‍ അല്‍ ആബിദീന്‍ പറഞ്ഞു. സഊദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യലേക്ക് വന്നതിലും ഇത്തരം നടപടികളെടുത്തതിലും സന്തോഷമുണ്ടെന്നും സ്ത്രീ ശാക്തീകരണം ഗൗരവത്തിലെടുത്തതിന്റെ സൂചനയാണിതെന്നും സഊദി എഴുത്തുകാരിയും ഖത്വര്‍ യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ ഹതൂന്‍ അല്‍ ഫസ്സി പറഞ്ഞു. സഊദിയിലെ യൂനിവേഴ്‌സിറ്റി ബിരുദധാരികളില്‍ അമ്പത് ശതമാനവും വനിതകളാണ്. ഇവരുടെ ആശയവും കഴിവും തെളിയിക്കാ സഊദിയില്‍ അവസരം വരുമെന്നും ഇവര്‍ പ്രത്യാശപ്രകടിപ്പിച്ചു. 2011 ല്‍ അബ്ദുല്ല രാജാവാണ് ശൂറാകൗണ്‍സിലിലും മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും ആദ്യമായി വനികള്‍ക്ക് പ്രാതിനിധ്യം നല്‍കിയത്. നിലവില്‍ സഊദി ശൂറാ കൗണ്‍സിലില്‍ 20 ശതമാനം വനിതാപ്രാതിനിധ്യമുണ്ട്.

Latest