Connect with us

National

ഡോക്ടറും ആംബുലന്‍സുമില്ല; 20 കാരിക്ക് ജീവന്‍ നഷ്ടമായി

Published

|

Last Updated

മൃതദേഹം വീട്ടിലെത്തിക്കാന്‍ സ്‌കൂട്ടറില്‍ കയറ്റുന്നു

ബെംഗളൂരു: മതിയായ ചികിത്സയും പരിചരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് പനി ബാധിച്ചെത്തിയ ഇരുപതുകാരിക്ക് ദാരുണാന്ത്യം. ആംബുലന്‍സിന്റെ സേവനം നിഷേധിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബന്ധുവിന്റെ സ്‌കൂട്ടറില്‍. കര്‍ണാടക-ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലുള്ള കൊഡിഗെന്‍ഹള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. പനി ബാധിച്ച് ശനിയാഴ്ച ആശുപത്രിയില്‍ എത്തിയ രത്‌നമ്മ (20)യാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചത്.

കടുത്ത പനിയും ചുമയും ബാധിച്ച രത്‌നമ്മയെ ശനിയാഴ്ച രാത്രിയാണ് പിതാവും ബന്ധുവും ചേര്‍ന്ന് കൊഡിഗെന്‍ഹള്ളിയിലെ ഗവ.ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ഇവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ഒരു സ്വകാര്യ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി. എന്നാല്‍ പിറ്റേന്നും പനിക്ക് ശമനമുണ്ടായിരുന്നില്ല. ഇതോടെ പുലര്‍ച്ചെ തന്നെ രത്‌നമ്മയേയും കൊണ്ട് പിതാവ് വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് അമ്മാവന്‍ രജണ്ണ പറഞ്ഞു. രത്‌നമ്മക്ക് ഈ സമയത്ത് സംസാരിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയിലായിരുന്നു. പിതാവ് രാവിലെ എട്ടരയോടെ ഡോക്ടറുടെ വീട്ടില്‍ എത്തി. എന്നാല്‍ താന്‍ ഭക്ഷണം കഴിച്ചിട്ട് ആശുപത്രിയിലേക്ക് എത്താമെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഡോക്ടര്‍ എത്തുമ്പോള്‍ ശ്വാസമെടുക്കാന്‍ പോലും കഴിയാതെ വിഷമിക്കുകയായിരുന്നു രത്‌നമ്മ. നില മോശമാണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ഉടനെ യുവതിയെ മധുഗിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. 20 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്‍കണമെന്ന പിതാവിന്റെ അപേക്ഷയും അധികൃതര്‍ ചെവികൊണ്ടില്ല. സ്വകാര്യ വാഹനം വിളിക്കാനുള്ള സാമ്പത്തിക ശേഷിയും ഇവര്‍ക്കുണ്ടായിരുന്നില്ല. ഇതിനിടെ രത്‌നമ്മ മരണത്തിന് കീഴടങ്ങി.അതേസമയം, കുടുംബത്തിന്റെ ആരോപണം കൊഡിഗെന്‍ഹള്ളി ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള നിഷേധിച്ചു.

 

---- facebook comment plugin here -----