Connect with us

Gulf

സ്വകാര്യ നിക്ഷേപകര്‍ക്കായി ഗൈഡ് ബുക്ക് പുറത്തിറക്കുന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗൈഡ് പുറത്തിറക്കുന്നു. രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍, മേഖലകള്‍, നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍, നിയമം തുടങ്ങി അറിയേണ്ടതെല്ലാംല്ലാം ഉള്‍പ്പെടുത്തിയാണ് സാമ്പത്തിക വാണിജ്യ മന്ത്രാലയം പുസ്തം പുറത്തിറക്കുകയെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി അറിയിച്ചു. സ്വകാര്യമേഖലാ നിക്ഷേപകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിവേഗം ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സൗകര്യമൊരുക്കും. വാണിജ്യ ലൈസന്‍സ് നടപടികള്‍ എളപ്പമാക്കുന്നതിന് ഇതിനകം നിരവധി മാറ്റങ്ങള്‍ വരുത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ലൈസന്‍സ് കാലാവധി ഒരു വര്‍ഷത്തില്‍നിന്നും അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തി. വാണജ്യ രജിസ്‌ട്രേഷന്‍ കാലാവധി ഉയര്‍ത്തിക്കൊണ്ട് നിയമത്തില്‍ മാറ്റം വരുത്തുന്നതിന് മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി രണ്ടു മാസമായി ഉയര്‍ത്തുന്നതുള്‍പ്പെടെ മാറ്റം വരുത്തിയ നിയമത്തിന്റെ കരട് കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റിന് ഉടന്‍ സമര്‍പ്പിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ തുടര്‍ന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
സ്ഥാപനങ്ങള്‍ നഗരസഭാ, പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും നേടേണ്ട എന്‍വിയോണ്‍മെന്റല്‍ പെര്‍മിറ്റ് കാലാവധി ഒരു വര്‍ഷത്തില്‍ നിന്നും മൂന്നു വര്‍ഷമാക്കി ഉയര്‍ത്തുന്നതിനും തീരുമാനമായി. എന്‍വിയോണ്‍മെന്റല്‍ പെര്‍മിറ്റ് പുതുക്കുന്ന പ്രവര്‍ത്തനം ലഘൂകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ബിസിനസ് സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഓരോ സമയത്തും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കും. ഹോട്ടല്‍ ടൂറിസം മേഖലയില്‍ അനൗപചാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള അനുമതി പെട്ടെന്നു നല്‍കുന്നതിന് ഏകജാലകം സംവിധാനത്തിന് നടപടി സ്വീകരിക്കുന്നുണ്ട്. നിക്ഷേപ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇലക്‌ട്രോണിക്‌വത്കരിക്കുന്ന നടപടി വേഗത്തിലാക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. പാട്ടം, വാടക നിയമങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതു-സ്വകാര്യ മേഖലാ സഹകരണം ശക്തിപ്പെടുത്തുകയും വേഗം കൂട്ടുകയും ചെയ്യുക ലക്ഷ്യം വെച്ചാണ് യോഗം വിളിച്ചു ചേര്‍ത്തത്. വിവിധ വകുപ്പു മന്തിമാര്‍, ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍ സംബന്ധിച്ചു. സ്വകാര്യനിക്ഷേപം വര്‍ധിപ്പിച്ച് രാജ്യത്തെ സമ്പദ് മേഖലയുടെ പുരോഗതിക്കും വൈവിവിധ്യവത്കരണത്തിനും അവസരമരൊക്കണമെന്ന അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. മുമ്പ് നടന്ന യോഗങ്ങളുടെ വിശകലനം കൂടിയായിരുന്നു യോഗം. ടൂറിസം ഉള്‍പ്പെടെ രാജ്യത്തെ വിവിധ വകുപ്പുകള്‍ക്ക് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ സംരംഭകര്‍ക്ക് പരമാവധി അവസരം സൃഷ്ടിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.