Connect with us

International

ഇറാഖിനെ ഇസില്‍മുക്തമാക്കാന്‍ വന്‍ സൈനിക മുന്നേറ്റം

Published

|

Last Updated

ബഗ്ദാദ്: രാജ്യത്തെ ഇസില്‍ മുക്തമാക്കാനുള്ള അവസാന സൈനിക മുന്നേറ്റത്തിന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദിയുടെ ആഹ്വാനം. ഇസില്‍ ശക്തി കേന്ദ്രമായിരുന്ന മൊസൂളിലെ കിഴക്കന്‍ മേഖല പൂര്‍ണമായും തിരിച്ചുപിടിച്ച ശേഷം പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് സൈന്യം തിരിച്ചിട്ടുണ്ട്. ഇസിലിന്റെ അവസാന കേന്ദ്രമാകും ഇതോടെ ഇല്ലാതാകുക. അമേരിക്ക, കുര്‍ദ്, ശിയാ – ഗോത്ര സായുധ സംഘങ്ങള്‍ എന്നിവരുടെ പിന്തുണയോടെ സായുധ സജ്ജരായ സഖ്യ സേനയുടെ നേതൃത്വത്തിലാണ് മുന്നേറ്റം. കിഴക്കന്‍ മൊസൂളിലെ വിമാനത്താവളം പിടിച്ചെടുത്ത സൈന്യം ടൈഗ്രീസ് നദിയുടെ പടിഞ്ഞാറന്‍ ഭാഗത്തേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
സലഫിസ്റ്റ് തീവ്രവാദി വിഭാഗമായ ഇസിലിന്റെ ഇറാഖിലെ പ്രധാന ശക്തി കേന്ദ്രമായിരുന്നു മൊസൂള്‍. മാസങ്ങള്‍ നീണ്ട ആക്രമണത്തിലൂടെ മൊസൂളിന്റെ കിഴക്കന്‍ ഭാഗം പൂര്‍ണമായും തീവ്രവാദി മുക്തമാക്കിയിരുന്നു.
സൈനിക ഓപ്പറേഷന്റെ പുതിയ ഘട്ടം ആരംഭിച്ചെന്നും സൈന്യം പടിഞ്ഞാറന്‍ മൊസൂളിലെ നിനിവേഹിലേക്ക് എത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മെസൊപൊട്ടോമിയന്‍ സംസ്‌കാരം നിലനിന്ന ചരിത്ര പ്രധാന സ്ഥലമാണ് നിനിവേഹ്.
നിനിവേഹ് നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തേക്ക് പ്രവേശിച്ച സൈന്യം രണ്ട് ഗ്രാമങ്ങള്‍ ഇതിനകം തിരിച്ചുപിടിച്ചിട്ടുണ്ട്. ഇസില്‍ ഭീകരരുടെ ആക്രമണത്താല്‍ തകര്‍ന്നടിഞ്ഞ ഗ്രാമ പ്രദേശമാണ് സ്വതന്ത്രമാക്കിയതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.
അതിനിടെ, ഏഴര ലക്ഷത്തോളം സിവിലിയന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന പടിഞ്ഞാറന്‍ മൊസൂളില്‍ ജനജീവിതം ദുരിതത്തിലാകുമെന്നും ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ഉത്കണ്ഠാകുലരാണെന്നും യു എന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സൈനിക ആക്രമണം നടന്നാല്‍ സാധാരണക്കാര്‍ ദുരിതത്തിലാകുമെന്നാണ് യു എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍, കാര്യമായ സൈനിക ഏറ്റുമുട്ടല്‍ ഇവിടെ നടക്കില്ലെന്നും സാധാരണക്കാരെ സുരക്ഷിതരാക്കുമെന്നും സൈന്യം ഉറപ്പ് നല്‍കുന്നുണ്ട്.
അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണങ്ങളാണ് സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഭീതിയിലാഴ്ത്തുന്നത്. ലഘുലേഖനങ്ങള്‍ മുഖേനയും മറ്റും നിനിവേഹിലെ ജനങ്ങളോട് സൈനിക മുന്നേറ്റത്തെ കുറിച്ച് സൈന്യം വിവരം നല്‍കിയിട്ടുണ്ട്. ഇസില്‍ തീവ്രവാദികളെ തുരത്താന്‍ കരയാക്രമണം നടക്കുമെന്നും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നുമാണ് ലഘുലേഖയില്‍ ആവശ്യപ്പെടുന്നത്.
നിരവധി പ്രവാചകന്മാരുടെയും മഹാന്മാരുടെയും ചരിത്ര സ്മാരകങ്ങള്‍ നിലകൊള്ളുന്ന യുനെസ്‌കോയുടെ പരമ്പരാഗത പട്ടികയിലുള്‍പ്പെട്ട പുരാതന നഗരത്തില്‍ ഇസില്‍ തീവ്രവാദികള്‍ വ്യാപകമായ നശീകരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ പരമ്പരാഗത ആചാരങ്ങള്‍ക്കെതിരെ നിലകൊണ്ട ഇസില്‍ വിഭാഗം മൊസൂളിലെ അനവധി സ്മാരകങ്ങളും പള്ളികളും തകര്‍ത്തിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.