തുറന്ന ജയിലിലെ ഗോപൂജ: വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് തട്ടില്‍

Posted on: February 18, 2017 12:15 am | Last updated: February 18, 2017 at 12:00 am

കാസര്‍കോട്: ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോ പൂജയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും വിവാദത്തിലേക്ക്. ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ രണ്ട് തട്ടിലാണെന്ന് തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതോടെ പ്രശ്‌നം വകുപ്പുതലത്തില്‍ ചൂടുപിടിക്കുകയാണ്. ഗോപൂജ സംബന്ധിച്ച് ആദ്യം ജയില്‍ എഡി ജി പി നല്‍കിയിരുന്ന റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ട് ഡി ഐ ജി പുതിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. കാസര്‍കോട് കുള്ളന്‍ പശുവിനെ ജയിലിലേക്ക് സംഭാവന നല്‍കിയപ്പോള്‍ ഗോ മാതാവിന് ജയ് വിളിച്ചത് പശുവിനെ സമ്മാനിച്ച കര്‍ണ്ണാടകയിലെ സ്വാമിയുടെ അനുയായികളാണെന്ന് ജയില്‍ ഡി ഐ ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, തടവുകാര്‍ക്കും ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കില്ലെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എന്നാല്‍, പശുവിനെ ദാനം ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ പൂജ നടത്തുമ്പോള്‍ തടവുകാരും ഉദ്യോഗസ്ഥരും ജയ് വിളിച്ചുവെന്നായിരുന്നു മുമ്പ് എ ഡി ജി പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ജയിലില്‍ ഗോക്കളെ ആനയിച്ച് പൂജ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ജയില്‍ ഡി ജി പി. ആര്‍ ശ്രീലേഖ വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് കെ ജി സുരേഷ് ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയിട്ടുള്ളതെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ സംഭാവനയായി പശുക്കളെ വാങ്ങിയത് ചട്ട ലംഘനമാണെന്നും മതാചാര ചടങ്ങുകളോടെ പശുക്കളെ ജയിലിലേക്കാനയിച്ചത് തെറ്റാണെന്നും വ്യത്യസ്ഥ മതസ്ഥരുള്ള ജയിലില്‍ മത ചടങ്ങുകള്‍ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും എ ഡി ജി പി യുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
ഇതിന് 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ജയില്‍ സൂപ്രണ്ടിന് എ ഡി ജി പി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ സൂപ്രണ്ട് മെഡിക്കല്‍ അവധിയില്‍ പോകുകയും ചെയ്തു. പിന്നീട് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജയില്‍ ഡി ഐ ജി ശിവദാസ് തൈപ്പറമ്പില്‍ തടവുകാരും ജീവനക്കാരും ജയ് വിളിച്ചിട്ടില്ലെന്ന് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
ജയിലില്‍ നടത്തിയ ഗോ പൂജയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ ഒരു വിവാദ സ്വാമിയും പങ്കെടുത്തതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഡി ഐ ജി നിഷേധിച്ചിട്ടില്ല. പശുക്കളെ സംഭാവനയായി സ്വീകരിച്ചത് തെറ്റല്ലെന്നും എന്നാല്‍ ജയിലില്‍ മതപരമായ ചടങ്ങുകള്‍ നടത്തിയത് തെറ്റാണെന്നും ഡി ഐ ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഗോപൂജ വിവാദത്തില്‍ ജയില്‍ സൂപ്രണ്ടിനെയും ഉധ്യോഗസ്ഥരെയും നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ സാഹചര്യമുണ്ടാക്കുന്ന ഡി ഐ ജിയുടെ റിപ്പോര്‍ട്ട് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്.