Connect with us

Editorial

ചുമട്ടുകാരല്ലല്ലോ ഈ കുരുന്നുകള്‍

Published

|

Last Updated

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാനായി ഓരോ ടേമിലും പഠിക്കേണ്ട പാഠങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ മൂന്ന് ഭാഗമാക്കാന്‍ തീരുമാനിച്ചിരിക്കയാണ് സംസ്ഥാന കരിക്കുലം കമ്മിറ്റി. ബാഗുകളുടെ അമിതഭാരം വിദ്യാര്‍ഥികളില്‍ ഗുരുതരമായ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തുകയും ഭാരം കുറക്കാന്‍ നടപടി വേണമെന്ന് വ്യാപകമായി ആവശ്യം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. ഭാരം കുറക്കാന്‍ പാഠപുസ്തകങ്ങള്‍ നേരത്തെ രണ്ടായി തിരിച്ചിരുന്നു. എന്നിട്ടും കുട്ടികള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് പരാതി ഉയര്‍ന്നു. സി ബി എസ് ഇ സ്‌കൂളുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അറിയിക്കുകയുണ്ടായി. രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ ബാഗുകള്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ കാഴ്ചപ്പാട്. എട്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ പുസ്തകങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

നടുവേദന, പുറംവേദന തുടങ്ങിയ രോഗങ്ങള്‍ക്കായി ഡോക്ടര്‍മാരെ സമീപിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന പഠനത്തിലാണ് സ്‌കൂള്‍ ബേഗുകളുടെ അമിതഭാരമാണ് വില്ലനെന്ന് കണ്ടെത്തിയത്. ഭാരമേറിയ ബാഗുകള്‍ വഹിക്കാനാകാതെ കൂനിക്കൂടിയാണ് പല വിദ്യാര്‍ഥികളുടെയും നടത്തം. പലര്‍ക്കും ശരിയായ രീതിയില്‍ ഇരിക്കാന്‍ പോലും കഴിയുന്നില്ല. കഴിഞ്ഞ ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ ചാന്ദ്രപൂരില്‍ ഏഴാം തരം വിദ്യാര്‍ഥികള്‍ നടത്തിയ പത്രസമ്മേളനം ദേശീയശ്രദ്ധ നേടിയതാണ്. ബാഗുകളുടെ ഭാരം കുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൊച്ചു വിദ്യാര്‍ഥികള്‍ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പിലെത്തിയത്. എട്ട് വിഷയങ്ങള്‍ക്കായി ദിനംപ്രതി 16 പുസ്തകങ്ങളെങ്കിലും സ്‌കൂളില്‍ കൊണ്ടു പോകണം. ചില ദിവസങ്ങളില്‍ ഇത് 18ഉം 20 ഉം ആകാറുണ്ട്. അഞ്ച് മുതല്‍ ഏഴ് വരെ കിലോ വരും ഓരോ ബാഗിനും. ഭാരമേറിയ ഈ ബാഗുമായി സ്‌കൂളിന്റെ രണ്ടാം നിലയിലേക്കും മൂന്നാം നിലയിലേക്കും കയറുക പ്രയാസമാണെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുകയുണ്ടായി. പീരിയഡുകള്‍ കുറക്കുക, വര്‍ക്കുകള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുക തുടങ്ങി ബാഗുകളുടെ ഭാരം കുറക്കാന്‍ ചില നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുകയും ചെയ്തു.

2006ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചില്‍ഡ്രന്‍സ് സ്‌കൂള്‍ ബാഗ് ആക്ട് പ്രകാരം ഒരു വിദ്യാര്‍ഥിയുടെ ശരീരഭാരത്തിന്റെ പത്തിലൊന്നിനേക്കാള്‍ അധികമാകരുത് ബാഗിന്റെ ഭാരം. ഭാരമേറിയാല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രീ പ്രൈമറി തലത്തില്‍ ബാഗുകള്‍ തന്നെ പാടില്ലെന്നും വിദ്യാര്‍ഥികളെ ചുമട്ടുകാരാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. മൂന്ന് ടേമുകളിലെ സിലബസിന് അനുസൃതമായി പാഠ പുസ്തകങ്ങള്‍ വിഭജിക്കണം. ലോവര്‍, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികളുടെ നോട്ട് ബുക്കുകള്‍ 80 – 100 പേജില്‍ കവിയരുത്. ഹൈസ്‌കൂള്‍ തലത്തില്‍ നോട്ടുകള്‍ വെള്ള പേപ്പറില്‍ എഴുതി ഫയല്‍ ചെയ്യുന്ന സമ്പ്രദായം ആവിഷ്‌കരിക്കണം. വായനക്കും എഴുത്തിനും അമിത പ്രാധാന്യം നല്‍കിയുള്ള പ്രീ സ്‌കൂള്‍ പഠനരീതി ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുന്നോട്ട് വെച്ചിരുന്നു. ഈ നിര്‍ദേശങ്ങളും ഉത്തരവുകളുമൊന്നും പാലിക്കപ്പെടുന്നില്ല. പാര്‍ലമെന്റ് നിയമം വന്ന് ആറ് വര്‍ഷത്തിന് ശേഷം- 2012ല്‍ മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, പൂനെ തുടങ്ങി പത്ത് മെട്രൊ നഗരങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ തൂക്കവും ഭാരമേറിയ ബാഗുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ചു ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പഠനം നടത്തിയിരുന്നു. 95 ശതമാനം വിദ്യാര്‍ഥികളുടെയും സ്‌കൂള്‍ ബാഗിന്റെ ഭാരം ശരീര ഭാരത്തിന്റെ 35 ശതമാനത്തില്‍ കൂടുതലാണെന്നാണ് സര്‍വേയില്‍ കണ്ടത്. 12 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളില്‍ 57 ശതമാനം പേരുടെ അസ്ഥിവ്യൂഹങ്ങള്‍ക്കും ഇതുമൂലം തകരാര്‍ സംഭവിച്ചതായും വെളിപ്പെട്ടു.

പാഠ്യപ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കുക, ഗുണനിലവാരമുള്ള കുടിവെള്ളം സ്‌കൂളില്‍ ലഭ്യമാക്കുക തുടങ്ങി ബാഗിന്റെ ഭാരം കുറക്കാന്‍ ഇതിനിടെ സി ബി എസ് ഇ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതുവഴി വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകളുടെ ഭാരം കുറക്കാനും സ്‌കൂളിലേക്ക് കുടിവെള്ളം ചുമന്നുകൊണ്ടു പോകുന്ന അവസ്ഥ ഒഴിവാക്കാനും സാധിക്കും. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ തുടങ്ങി പല ഗള്‍ഫ് നാടുകളിലും ഭാരക്കൂടുതലുള്ള ബാഗുകള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്കായി ഭാരം കുറഞ്ഞ പ്രത്യേക ബാഗുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതും പരീക്ഷിക്കാവുന്നതാണ്. ഏതായാലും വിദ്യാര്‍ഥികളെ ചുമട്ടുകാരും രോഗികളുമാക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.