Connect with us

Gulf

റഷ്യന്‍ ലോകകപ്പില്‍ തെമ്മാടിക്കൂട്ടങ്ങളെ ഭയക്കുന്നില്ലെന്ന് ഫിഫ പ്രസിഡന്റ്‌

Published

|

Last Updated

ജിയാനി ഇന്‍ഫാന്റിനോ മാധ്യമങ്ങളോട് സംസാരിക്കുന്നു

ദോഹ: അടുത്ത വര്‍ഷത്തെ റഷ്യന്‍ ലോകകപ്പില്‍ കാണികളുടെ ചേരിതിരിഞ്ഞുള്ള ആക്രമണം ഭയക്കുന്നില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ദോഹയില്‍ പറഞ്ഞു. ഇന്നലെ ദോഹയില്‍ നടന്ന ഫിഫ എക്‌സിക്യൂട്ടീവ് സമ്മിറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിന്റെ മുഖ്യ സംഘാടക സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ റഷ്യന്‍ ഉപ പ്രധാനമന്ത്രി വിറ്റലി മുത്‌കോയോട് ഗവേണിംഗ് ബോഡി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയില്‍ ആക്രമണവും പ്രശ്‌നവും ഉണ്ടാകുമെന്ന് കരുതുന്നില്ല. റഷ്യന്‍ അധികൃതരില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ട്. അതിഗൗരവത്തിലാണ് ടൂര്‍ണമെന്റിനോട് അവര്‍ പ്രതികരിക്കുന്നത്. ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പിന്റെ മത്സരവേളയില്‍ ബ്രിട്ടീഷ്, റഷ്യന്‍ കാണികള്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയിരുന്നു. തെരുവുയുദ്ധത്തിലേക്ക് നീണ്ട ചേരിപ്പോരിനെ തുടര്‍ന്ന് നിരവധി റഷ്യക്കാരെ പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിഫ മേധാവിയുടെ പ്രതികരണം. റഷ്യന്‍ അധികൃതര്‍ ഫിഫ, യുവേഫ, യൂറോ അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും റഷ്യ ഏവരെയും സ്വാഗതവും ഫുട്‌ബോളിനെ ആഘോഷിക്കുകയും ചെയ്യുന്ന രാജ്യമാണെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് കാണുന്നതിന് റഷ്യയിലേക്ക് പോകുന്ന ഇംഗ്ലീഷുകാരെ ഭീഷണിപ്പെടുത്തുന്ന ബ്രിട്ടനിലെ തീവ്രസ്വഭാവക്കാരായ കാണികളെ സംബന്ധിച്ച ഡോക്യുമെന്ററി ടി വിയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പായിരുന്നു ഇന്‍ഫാന്റിനോയുടെ അഭിപ്രായം വന്നത്. റഷ്യന്‍ ലോകകപ്പ് ആക്രമണത്തിന്റെ ഉത്സവമെന്നാണ് ഇവരുടെ ഭീഷണി.

റഷ്യന്‍ അത്‌ലറ്റുകള്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതിന് ശേഷം, ലോകകപ്പ് സംഘാടക സമിതി മേധാവിയെന്ന നിലക്ക് മുത്‌കോക്ക് നേരെ ചോദ്യങ്ങളുയരുന്നുണ്ട്. മരുന്നടിയില്‍ പങ്കില്ലെന്ന് മുത്‌കോ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ താത്പര്യപ്രകാരമായിരുന്നു അതെന്ന് ലോക മരുന്നടി വിരുദ്ധ ഏജന്‍സി അന്വേഷകന്‍ വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ ഫിഫ കൗണ്‍സിലിലേക്കും മുത്‌കോ മത്സരിക്കുന്നുണ്ട്.2026 മുതല്‍ ലോകകപ്പ് ഫൈനലുകള്‍ കൂടുതല്‍ രാഷ്ട്രങ്ങളില്‍ വെച്ച് നടത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ലോകകപ്പില്‍ 48 ടീമുകളെ ഉള്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണിത്.

2026ന് വേണ്ടിയുള്ള നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കും. ചില പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കും. ഫിഫ യുക്തിസഹമായി പെരുമാറുന്നുവെന്നും ദീര്‍ഘകാല സുസ്ഥിരതയെ കുറിച്ച് ആലോചിക്കുന്നുവെന്നും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലോകകപ്പ് വേദികള്‍ക്ക് വേണ്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്കേ സാധിക്കൂ. രണ്ടോ മൂന്നോ നാലോ രാജ്യങ്ങള്‍ക്ക് മൂന്നോ നാലോ അഞ്ചോ സ്റ്റേഡിയങ്ങള്‍ വീതം സജ്ജമാക്കി ലോകകപ്പ് നടത്താം. ഈ രാഷ്ട്രങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയാകണം.

സ്വന്തം നിലക്ക് ലോകകപ്പ് നടത്താന്‍ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഖത്വറെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളില്‍ ടൂര്‍ണമെന്റ് നടത്താമെന്നത് 2026 ലോകകപ്പിന് വടക്കന്‍ അമേരിക്ക വേദിയാകുന്നതിന് സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 2021ലെ ഫിഫ ലോക ക്ലബ് ലോകകപ്പ് ദോഹയില്‍ വെച്ച് നടത്താന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് എല്ലാം തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം മറുപടി നല്‍കി. ചില പരിശോധന പരിപാടികളും മാച്ചുകളും ഇവിടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest