ഗതാഗത ലംഘനം; ഷാര്‍ജ പോലീസ് പിടികൂടിയത് 10,000 വാഹനങ്ങള്‍

Posted on: February 17, 2017 7:41 pm | Last updated: February 17, 2017 at 7:41 pm

ഷാര്‍ജ: നൂതന ക്യാമറകളിലൂടെ ഷാര്‍ജ പോലീസ് കണ്ടെത്തിയത് 10,000 നിയമ ലംഘനങ്ങള്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള കണക്കാണിത്. ഹാര്‍ഡ് ഷോള്‍ഡറിന് വെളിയിലൂടെ നിയമം ലംഘിച്ച വാഹനങ്ങളാണ് ഏറെ. ഗതാഗത സ്തംഭനം രൂക്ഷമായ ഘട്ടത്തില്‍ ഹാര്‍ഡ് ഷോള്‍ഡറിന് വെളിയിലൂടെ വാഹനം നിയമം പാലിക്കാതെ ഓടിച്ചവരെയാണ് പിടികൂടിയിട്ടുള്ളത്. ഡ്രൈവിംഗ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകള്‍ ചേര്‍ക്കുന്നതിന് പുറമെ 600 ദിര്‍ഹം വീതം പിഴയായി ചുമത്തി. ഷാര്‍ജ പോലീസ് റോഡ്‌സ് മോണിറ്ററിംഗ് സെക്ഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ ജമാല്‍ ബു അഫ്‌റ പറഞ്ഞു.

റസാദ് എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമറകള്‍ നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തും. വാഹനങ്ങളുടെ നമ്പറുകള്‍ വ്യക്തമായി പകര്‍ത്തി പോലീസ് ഓപറേഷന്‍ റൂമില്‍ അടിയന്തിര സന്ദേശമായി നല്‍കും. നിയമ ലംഘനം നടത്തുന്ന ഭാഗത്തു പട്രോളിംഗിലുള്ള പോലീസ് സംഘങ്ങള്‍ക്ക് ഉടനടി നിര്‍ദേശം നല്‍കി പിഴ നടപടികള്‍ ക്രമീകരിക്കുന്നതാണ് ക്യാമറകളുടെ പ്രവര്‍ത്തന രീതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഇത്തരം ക്യാമറകളുടെ ആദ്യ ഘട്ടം സ്ഥാപിച്ചത്. അല്‍ ഇത്തിഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് ഖലീഫ ബിന്‍ സായിദ് എന്നിവിടങ്ങില്‍ ഇവയില്‍ 10 എണ്ണം സ്ഥാപിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ എമിറേറ്റിന്റെ പല ഭാഗത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 70 ക്യാമറകള്‍ സ്ഥാപിച്ച ദുബൈ പോലീസ് ഈ വര്‍ഷാവസാനത്തോടെ 61 എണ്ണം അധികമായി സ്ഥാപിക്കുവാന്‍ പദ്ധതിയിടുന്നുണ്ട്.
റസാദ് ക്യാമറകള്‍ വാഹനമോഷണ സംഘത്തിന്റെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ്. അത്തരം കാറുകളെ കുറിച്ച് വിശദമായി വിവരങ്ങള്‍ ശേഖരിച്ചു പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറി പെട്രോള്‍ സംഘത്തിന് തിരച്ചിലിന് ഊര്‍ജം പകരാന്‍ ക്യാമറകള്‍ക്കാകും. മോഷ്ടിച്ച വാഹനങ്ങളെ പിന്തുടര്‍ന്ന് മോഷണ സംഘത്തെ പിടികൂടാന്‍ പട്രോളിംഗ് വിഭാഗത്തിന് എളുപ്പത്തില്‍ കഴിയുന്നുണ്ടെന്ന് ദുബൈ പോലീസ് ഓപറേഷന്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ കാമില്‍ ബുതി അല്‍ സുവൈദി പറഞ്ഞു.