ഡല്‍ഹി സ്‌ഫോടനം: രണ്ട് പേരെ വെറുതെ വിട്ടു

Posted on: February 17, 2017 8:59 am | Last updated: February 17, 2017 at 2:53 pm

ന്യൂഡല്‍ഹി: 2005ലെ ഡല്‍ഹി സ്‌ഫോടനക്കേസില്‍ രണ്ട് പേരെ വെറുതെ വിട്ടു. മുഖ്യ പ്രതിക്ക് പത്ത് വര്‍ഷം തടവ് വിധിച്ചു. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റിതേഷ് സിംഗിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് മുഖ്യപ്രതിക്ക് പത്ത് വര്‍ഷം തടവും മറ്റു രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുന്നതിനും ഉത്തരവിട്ടത്. കേസിലെ മുഖ്യപ്രതി താരിഖ് അഹ്മദ് ദറിനാണ് ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പ്രതികളായ കശ്മീര്‍ സര്‍വകലാശാല ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി മുഹമ്മദ് റഫീഖ് ഷാ, കശ്മീര്‍ സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ ഫാസില്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പന്ത്രണ്ട് വര്‍ഷം വിചാരണാ തടവില്‍ കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ മോചിതരാകുന്നത്.
യു എ പി എ എന്നീ നിയമങ്ങള്‍ക്കകത്തു വരുന്ന കൊലപാതക ശ്രമം, ആയുധ സംഭരണം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി ഡല്‍ഹി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് താരിഖ് അഹ്മദ് ഇതിനോടകം പന്ത്രണ്ട് വര്‍ഷം വിചാരണാ തടവ് അനുഭവിച്ചതിനാല്‍ പുറത്തിറങ്ങാന്‍ കഴിയും. നേരത്തെ ഇതേ കേസില്‍ ഫാറൂഖ് അഹ്മദ് ബത്ത്‌ലൂ, ഗുലാം അഹ്മദ് ഖാന്‍ എന്നിവരെ കോടതി വിട്ടയച്ചിരുന്നു.
2005 ഒക്‌ടോബര്‍ 29ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനടത്തുള്ള പഹാഡ്ഗഞ്ച്, സരോജിനി മാര്‍ക്കറ്റ്, ഗോവിന്ദ്പുരിയിലെ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാക് ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഇന്‍ക്വിലാബ് മഹസ് അംഗമായിരുന്ന താരീഖ് അഹ്മദ് ദറിന്റെ നേതൃത്വത്തിലായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മുഖ്യസൂത്രധാരനായ താരിഖ് അഹ്മദിനെ കശ്മീരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വ്യത്യസ്ത കേസുകളായാണ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തെളിവുകള്‍ ഫയല്‍ ചെയ്യുന്നതിനു വേണ്ടി കോടതി മൂന്നും ഒന്നിച്ചാണ് പരിഗണിച്ചത്.